വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതായിഅമേരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമ. കൂടാതെ തന്‍റെ മുൻ ഉപരാഷ്ട്രപതിയും ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ ബൈഡനെയും അദ്ദേഹത്തിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി സെനറ്റർ കമല ഹാരിസിനേയും പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കുതിച്ച ഒബാമ, ട്രംപിനെ പരാജയപ്പെടുത്തി നവംബർ മൂന്നിന് ബൈഡൻ-ഹാരിസ് ടീമിനെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ടെലിവിഷനിൽ അഭിമുഖം നൽകുന്നതിനും ട്വീറ്റ് ചെയ്യുന്നതും കാര്യങ്ങൾ മികച്ചതാക്കില്ല. നിങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചൈനയിൽ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിക്കുന്നുവെന്ന സമീപകാല വാർത്തയെയും ഒബാമ പരാമർശിച്ചു.
"ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. 2016ൽ ചെയ്തതുപോലെ അലംഭാവം കാണിക്കരുത്. എല്ലാവരും വോട്ട് ചെയ്യണം. എല്ലാ ദിവസവും കള്ളം പറയുകയും ഇല്ലാത്ത പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്താൽ നമ്മുടെ ജനാധിപത്യം പ്രവർത്തിക്കില്ല. സത്യസന്ധത, ജനാധിപത്യം, പൗരത്വം എന്നിവയെക്കുറിച്ചുള്ള ഈ ധാരണയും ഉത്തരവാദിത്തവും റിപ്പബ്ലിക്കൻ അല്ലെങ്കിൽ ഡെമോക്രാറ്റിക് തത്വങ്ങളല്ല. അവ അമേരിക്കൻ തത്വങ്ങളാണ്. ...അവ വീണ്ടെടുക്കേണ്ടതുണ്ട്," ഒബാമ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ഫിലാഡൽഫിയയിൽ നേരത്തെ നടന്ന ഒരു പ്രചാരണ വേദിയില്‍ ഒബാമ പറഞ്ഞിരുന്നു.