കാംബ്രിഡ്‌ജ്: കൊവിഡിന്‍റെ അടിയന്തര സാഹചര്യങ്ങളിൽ മോഡേണ കൊവിഡ് വാക്‌സിൻ നൽകണമെന്ന നിർദേശം മുന്നോട്ട് വെച്ച് മോഡേണ കമ്പനി അധികൃതർ. മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം വാക്‌സിൻ ഫലപ്രദമാണ്. യുഎസിൽ അടിയന്തര കൊവിഡ് സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഉതകുന്നതാണ് മോഡേണ കൊവിഡ് വാക്‌സിനെന്നാണ് കമ്പനിയുടെ വാദം.
വാക്‌സിന്‍റെ ആഗോള വിപണന അവസരം പ്രതീക്ഷിക്കുന്നതായി മോഡേണ കമ്പനി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടാൽ സാക്സ് പറഞ്ഞു. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മോഡേണ കമ്പനിയുടെ കൊവിഡ് വാക്‌സിൻ ഇതിനകം പോസിറ്റീവ് ഫലങ്ങളാണ് നൽകിയത്. വാരാന്ത്യത്തിൽ അന്തിമ ഫലങ്ങൾ വരാനിരിക്കുകയാണ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസി അടിയന്തിര ക്ലിയറൻസ് നൽകാനുള്ള തയ്യാറെടുപ്പിലാണ്.