വാഷിങ്ടൺ: 12 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് 100 ശതമാനം വാക്‌സിൻ ഫലപ്രദമെന്ന് മൊഡേണ കമ്പനി. കൗമാരക്കാരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണായക അറിയിപ്പെന്നും കമ്പനി വ്യക്തമാക്കി. കൗമാരക്കാരിലെ കൊവിഡ് ബാധ തടയാൻ എംആർഎൻഎ-1273 (mRNA-1273) എന്ന മരുന്ന് ഫലപ്രദമാണെന്നും സാർസ് അണുബാധ തടയാൻ സാധിക്കുമെന്നും മൊഡേണ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം ജൂൺ ആദ്യ വാരത്തോടെ കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു. കൊവിഡ് മഹാമാരിയെ തുരത്താൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും മൊഡേണ അറിയിച്ചു.
Read more: ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം
12 നും 17 നും ഇടയിൽ പ്രായമുള്ള 3,732 പേർ പഠനത്തിൽ പങ്കാളികളായിട്ടുണ്ടെന്നും കുത്തിവയ്‌പ് നടത്തിയവരിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ലെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിൻ സ്വീകരിച്ച ആർക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ആദ്യ ഡോസ് നൽകി രണ്ടാഴ്‌ച കഴിഞ്ഞ് വാക്‌സിൻ 93 ശതമാനം ഫലപ്രദമാണെന്നും രണ്ടാമത്തെ ഡോസിന് ശേഷം 100 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തുകയായിരുന്നു. നേരത്തെ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് കൊവിഡ് -19 വാക്‌സിൻ ഉപയോഗിക്കാൻ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുമതി നൽകിയിരുന്നു.