വാഷിങ്‌ടണ്‍: വംശവെറിക്കെതിരെ അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിനെ പൊലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ജനം നിയന്ത്രണം വിട്ട് തെരുവിലിറങ്ങുന്നു. സംഭവത്തില്‍ പ്രതിയായ ഡെറെക് ഷോവിനെ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തെരുവില്‍ തന്നെ കഴിയുകയാണ്.
'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന പേരില്‍ ഫ്ലോയിഡിന്‍റെ അവസാന വാക്കുകൾ ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മിനിയ പൊളിസില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ മേയർ ജേക്കബ് ഫ്രേ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. കടകൾക്ക് നേരെ കല്ലെറിയുകയും കെട്ടിടങ്ങൾ തീവച്ചു നശിപ്പിക്കുകയും ചെയ്‌തിരുന്നു.
കൊലപാതകത്തിന്‍റെ ദൃശൃങ്ങൾ പുറത്ത് വന്നയുടൻ തന്നെ ഇയാളെയും മറ്റ് മൂന്ന് പൊലീസുകാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഡെറെക് ഷോവിനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നും കുറ്റകൃത്യത്തില്‍ ഉൾപ്പെട്ട മുഴുവൻ പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നും ഫ്ലോയിഡിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
അമേരിക്കയിലെ മിനസോട്ടയിലെ മിനിയ പൊളിസിലാണ് തിങ്കളാഴ്‌ച ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. സ്ഥലത്തെ പരചരക്ക് കടയിലുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ജോര്‍ജിനെ കണ്ട് തെറ്റിധരിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് കാറിന് സമീപം വച്ച് റോഡില്‍ കിടത്തിയ ശേഷം ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തിയായിരുന്നു അമേരിക്കന്‍ പൊലീസിന്‍റെ അതിക്രമം. ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് എടുക്കാന്‍ പൊലീസുകാരന്‍ തയ്യാറായില്ല. സമീപത്തുണ്ടായിരുന്നവര്‍ വീഡിയോയും ചിത്രങ്ങളുമെടുത്തതോടെയാണ് പൊലീസ് അതിക്രമം പുറത്ത് വന്നത്.