സാൻഫ്രാൻസിസ്കോ : ടെക് ഭീമനായ മൈക്രോസോഫ്റ്റ് കമ്പനിയുടെ സി.ഇ.ഒ സത്യ നദെല്ലയുടെയും ഭാര്യ അനു നദെല്ലയുടെയും മകൻ സെയ്ൻ നദെല്ല (26) അന്തരിച്ചു. സെറിബ്രൽ പാൾസി രോഗബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചതെന്ന് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ മാധ്യമങ്ങളെ അറിയിച്ചു.
സത്യ നദെല്ല 2014 ല്‍ മൈക്രോസോഫ്റ്റിന്‍റെ സി.ഇ.ഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിത്തുടങ്ങിയിരുന്നു. ഇതിനായി പ്രത്യേക ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയുണ്ടായി. തന്‍റെ മകനെ വളര്‍ത്തിയതിന്‍റെ പ്രചോദനമാണ് നദെല്ലെയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. 2017 ഒക്ടോബറിൽ, നദെല്ലെ തന്‍റെ മകന്‍റെ ജനനത്തെക്കുറിച്ച് ഒരു ബ്ലോഗ്പോസ്റ്റിൽ വിശദമായി കുറിച്ചിരുന്നു.
സെയ്ൻ നദെല്ലയുടെ ജനനം 1996 ഓഗസ്റ്റ് 13 ന്
ഗർഭാവസ്ഥയുടെ മുപ്പത്തിയാറാം ആഴ്‌ചയിലാണ് കുഞ്ഞിന് അനക്കമില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്. ബെല്ലെവുവിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ ഭാര്യയെ പരിശോധനയ്‌ക്ക് വിധേയയാക്കി. മാതാപിതാക്കളാവാന്‍ പോവുന്ന ആളുകള്‍ക്കുള്ള ഉത്കണ്ഠയേക്കാൾ അൽപ്പം കൂടുതലുണ്ടായിരുന്നു. ബെല്ലെവുവിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷം 1996 ഓഗസ്റ്റ് 13 ന് അടിയന്തര സിസേറിയനിലൂടെ മകന്‍ ജനിച്ചു. പക്ഷേ, സാധാരണ ഗതിയിലുള്ള ശിശുക്കളുടെ കരച്ചിലുണ്ടായില്ല.
സിയാറ്റിൽ ചിൽഡ്രൻസ് ആശുപത്രിയില്‍ തുടര്‍ചികിത്സ ലഭ്യമാക്കിയതിനെക്കുറിച്ചും ഭാര്യ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ എടുത്തുപറയുന്നു. വീല്‍ ചെയറിലിരിക്കുന്ന മകനൊപ്പം സത്യ നദെല്ലയും ഭാര്യ അനു നദെല്ലയും നില്‍ക്കുന്ന ചിത്രം അടുത്തിടെ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ALSO READ: ഇരുട്ടടി ; പാചക വാതകവില ഒറ്റയടിക്ക് കുത്തനെ കൂട്ടി