വാഷിങ്‌ടൺ: അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഒബാമ ഭരണത്തില്‍ വൈസ് പ്രസിഡന്‍റായിരുന്നു ബൈഡന്‍, പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ശ്രമമായിരുന്നു 2020ലെ തെരഞ്ഞെടുപ്പ് മത്സരം. തവന്‍റെ 50 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തിനിടയില്‍ താൻ ഒരിക്കല്‍ പോലും നേരിടാത്ത വലിയെ എതിരാളിയോടാണ് ബൈഡൻ പോരാടി തോൽപ്പിച്ചത്.
ദേശീയ രാഷ്‌ട്രീയ വേദിയിൽ 78 കാരനായ ബൈഡൻ കാലെടുത്തുവച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. യുഎസ് പ്രസിഡന്‍റാകാനുള്ള തന്‍റെ ദശാബ്‌ദങ്ങൾ നീണ്ട സ്വപ്‌നത്തിന് സാക്ഷാത്‌കാരം. ആഗോള മഹാമാരിയായ കൊവിഡും സാമ്പത്തിക തകര്‍ച്ചയും ആഭ്യന്തര അരാജകത്വവും രാഷ്‌ട്രം നേരിട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ബൈഡന്‍റെ സ്ഥാനാരോഹണം. 2008ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രണ്ടു തവണ തുടര്‍ച്ചയായി ബരാക് ഒബാമ ഭരണകൂടത്തിന് കീഴില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചതിനു ശേഷമാണ് തനിക്ക് ഏറെ സുപരിചിതമായ വൈറ്റ് ഹൗസിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. ഒബാമ ഭരണകൂടത്തിലെ പല സുപ്രധാന തീരുമാനങ്ങളെടുക്കാൻ മുൻനിരയിലായിരുന്നു ജോ ബൈഡൻ.
1942ൽ പെൻസിൽവാനിയയിലെ സ്‌ക്രാന്‍റണിൽ ജനിച്ച ജോസഫ് റോബിനെറ്റ് ബൈഡൻ കുട്ടിക്കാലത്ത് തന്നെ ഡെലവെയറിലേക്ക് മാറി. 1972ൽ 29ാം വയസിൽ യുണൈറ്റഡ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളായി ബൈഡൻ മാറി. ആഴ്‌ചകൾക്കുശേഷം, ബൈഡന്‍റെ ഭാര്യയും മകളും റോഡപകടത്തിൽ കൊല്ലപ്പെടുകയും മക്കളായ ഹണ്ടറിനെയും ബ്യൂവിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഈ ദുരന്തം ബൈഡന്‍റെ മാനസിക നിലയെ സാരമായി ബാധിച്ചു. മക്കൾ കിടക്കുന്ന ആശുപത്രി മുറിയില്‍ വെച്ചാണ് ബൈഡന്‍ ആദ്യ തവണത്തെ സെനറ്ററായി സത്യപ്രതിജ്ഞ നടത്തി സ്ഥാനം സ്വീകരിച്ചത്. ഇതിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന ആന്യൂറിസം എന്ന രോഗം ബാധിച്ച് അവശനായി ബൈഡന്‍ മാറി. വൈറ്റ് ഹൗസിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ജീവന്‍ പോലും അപഹരിക്കുമായിരുന്നു എന്നാണ് അന്ന് ഡോക്‌ടർമാർ പറഞ്ഞത്. 2015 മേയില്‍ മൂത്ത മകനായ ബോ ബൈഡന്‍ തലച്ചോറില്‍ അര്‍ബുദം ബാധിച്ച് മരിച്ചതോടെ ബൈഡന്‍റെ മാനസികനില വീണ്ടും തകർന്നു. ആ മരണം ബൈഡന്‍റെ രാഷ്‌ട്രീയ ജീവിതത്തെ തടസപ്പെടുത്തുകയും, അദ്ദേഹത്തിന് ഒരിക്കലും ആ തകര്‍ച്ചയില്‍ നിന്നും തിരിച്ചു വരാന്‍ സാധിക്കാത്ത നിലയിലെത്തുകയും ചെയ്‌തു.
എന്നാല്‍ അഞ്ച് വര്‍ഷത്തിനു ശേഷം തന്‍റെ ദുരന്ത ചരിത്രത്തെ അതിജീവിച്ച് കൊണ്ടു തന്നെ ബൈഡന്‍ തിരിച്ചുവരികയായിരുന്നു. ദുരന്തങ്ങളെല്ലാം തനിക്ക് മുന്നോട്ടുള്ള വഴി തുറക്കാനും ഒരു ലക്ഷ്യം കണ്ടെത്താനും സഹായിച്ചു എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. "നിങ്ങള്‍ സ്‌നേഹിക്കുന്ന പലരും ഈ ലോകം വിട്ടു പോയെന്ന് വരാം. പക്ഷെ അവര്‍ ഒരിക്കല്‍ പോലും നിങ്ങളുടെ ഹൃദയം വിട്ടു പോവില്ല, വേദനയിലൂടെയും നഷ്‌ടങ്ങളിലൂടെയുമാണ് ഞാന്‍ ഒരു ലക്ഷ്യത്തിലേക്കുള്ള ഏറ്റവും മികച്ച വഴി കണ്ടെത്തിയത്", ബൈഡൻ വികാരാതീതനായി പറയുകയുണ്ടായി. 1988ലും 2008ലും അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചുവെങ്കിലും ചില ആരോപണങ്ങളെ തുടർന്ന് സാധിച്ചില്ല. 2008 മുതൽ 2016 വരെ രണ്ട് തവണ ബരാക് ഒബാമ ഭരണ കൂടത്തിൽ ബൈഡൻ വൈസ് പ്രസിഡന്‍റായി സേവനമനുഷ്‌ഠിച്ചു. കൂടുതൽ പ്രവർത്തനങ്ങളിലൂടെ ബൈഡനും ഒബാമയും അടുത്ത സുഹൃദ്‌ബന്ധം വളർത്തിയെടുത്തു. ഭരണകാലത്ത് തന്‍റെ തൊഴിലാളിവർഗത്തെ ഉപയോഗിച്ചതിന്‍റെ പേരിൽ ബൈഡന് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
ആറു തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ സെനറ്റിലെ നീതിന്യായ, വിദേശ കാര്യ കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുകയും, ആഗോള വിഷയങ്ങളില്‍ അതിവിശാലമായ വൈദഗ്ധ്യം നേടിയെടുക്കുകയും, സുപ്രീം കോടതിയുടെ തര്‍ക്ക വിഷയമായി മാറിയ പല തീരുമാനങ്ങളിലും അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്‌തിട്ടുണ്ട്. തീരുമാനങ്ങൾ തുറന്നു പറഞ്ഞും അപ്രതീക്ഷിതവുമായ രാഷ്‌ട്രീയ സമീപനങ്ങളിലൂടെയും വലിയ സ്ഥാനം പിടിച്ചു പറ്റിയ വ്യക്തിയാണ് ബൈഡൻ. പലപ്പോഴും അത് അദ്ദേഹത്തെ മാധ്യമങ്ങളുടെ മുന്നിൽ കുഴപ്പങ്ങളില്‍ കൊണ്ട് ചാടിച്ചുവെങ്കിലും ട്രംപിനെതിരെയുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹത്തിന്‍റെ ഈ തുറന്ന പ്രകൃതം അങ്ങേയറ്റം അനുയോജ്യമായിരിക്കുമെന്ന് ഡെമോക്രാറ്റുകള്‍ അഭിപ്രായപ്പെട്ടു.
ലോവയിലും ന്യൂഹാംപ്ഷയറിലും പരാജയം നേരിട്ട ബൈഡൻ സൗത്ത് കരോലിനയില്‍ ഗംഭീര വിജയം നേടി കൊണ്ട് തിരിച്ചു വരവ് നടത്തി. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം തന്‍റെ മേധാവിത്വം പുലര്‍ത്തി കൊണ്ട് മറി കടക്കാൻ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചത്. ഫെബ്രുവരിയുടെ തുടക്കം വരെ ജോ ബൈഡനെ ആളുകള്‍ ശ്രദ്ധിച്ചിരുന്നില്ല. പരാജയപ്പെടാന്‍ പോകുന്ന മറ്റൊരു പ്രചാരണം എന്നാണ് അപ്പോഴും പലരും കരുതിയിരുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ പരമാധികാരം ഏറ്റെടുക്കാൻ പ്രാപ്‌തമായ കാരങ്ങൾ അദ്ദേഹത്തിന് ഉണ്ടെന്ന് പിന്നീട് ജനം മനസിലാക്കുകയും ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രസിഡന്‍റ് സ്ഥാനത്തിന് അര്‍ഹനായി മാറുകയും ചെയ്‌തതായി സ്റ്റീം ഹോണ്‍ പറയുന്നു.
ക്യാപിറ്റോൾ അക്രമത്തെ തുടർന്ന് ഉയർന്ന സുരക്ഷാ ക്രമീകരണങ്ങളാണ് അമേരിക്കയിൽ ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും 49ാംമത്തെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ മന്ദിരത്തിന് പുറത്താണ് സത്യപ്രതിജ്ഞ ചെയ്യുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. യു.എസ് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും ആദ്യ കറുത്ത വര്‍ഗക്കാരിയുമാണ് കമല. ഈ തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണര്‍ത്തിയത്.