ഹൈദരാബാദ്: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനും ആദ്യമായി മുഖാമുഖം ഏറ്റുമുട്ടുന്നു. തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ രാജ്യ വ്യാപകമായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഈ ആദ്യവട്ട സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും തങ്ങളുടെ കരുത്തുകള്‍ മുന്നോട്ട് വെക്കുകയും എതിരാളിയുടെ ദൗര്‍ബ്ബല്യം തുറന്നു കാട്ടുകയും ചെയ്യും.
ഇന്ന് നടക്കുന്ന സംവാദം പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ പുരോഗമനത്തിന് വേണ്ടിയുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുവാന്‍ ട്രംപിനും ബൈഡനും ലഭിക്കുന്ന ഒരു വന്‍ വേദിയായി മാറും. വര്‍ണ്ണ നീതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും രണ്ട് ലക്ഷത്തില്‍ പരം അമേരിക്കക്കാരുടെ ജീവന്‍ അപഹരിക്കുകയും ദശലക്ഷ കണക്കിന് തൊഴിലുകള്‍ ഇല്ലാതാക്കുകയും ചെയ്‌ത മഹാമാരിയും ഒക്കെ ഈ പ്രതിസന്ധികളില്‍ ഉള്‍പ്പെടുന്നു.
മോഡറേറ്ററും സംവാദത്തിന്‍റെ രൂപവും
ഫോക്‌സ് ന്യൂസിന്‍റ് ക്രിസ് വാലസ് ആയിരിക്കും സംവാദത്തിലെ മോഡറേറ്റര്‍. കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അതി പ്രശസ്തനാണ് അദ്ദേഹം. 2016-ലെ ഒരു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദവും അദ്ദേഹം മോഡറേറ്റ് ചെയ്യുകയുണ്ടായി. സ്ഥാനാര്‍ഥികളില്‍ നിന്നും ഉത്തരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ നേരിട്ടുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രീതി. 2016-ലെ സംവാദങ്ങള്‍ക്ക് തൊട്ടു മുന്‍പ് അദ്ദേഹം പറഞ്ഞത് “സത്യം സംരക്ഷിക്കുന്ന സംഘമായി മാറുക'' എന്നതല്ല തന്റെ ജോലി എന്നാണ്. മാത്രമല്ല, ഇടക്കു കയറി സ്ഥാനാര്‍ഥികള്‍ പറയുന്ന കാര്യങ്ങളിലെ വസ്തുതകള്‍ ആരായുന്ന രീതിയില്‍ നിന്നും അദ്ദേഹം ഭൂരിഭാഗവും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്‌തു.
സുരക്ഷാ മുന്‍ കരുതലുകള്‍
പതിവ് ആചാരങ്ങള്‍ക്കും മഹാമാരി അടിച്ചേല്‍പ്പിച്ചിരിക്കുന്ന പുതിയ രീതികള്‍ക്കും ഇടയില്‍ ആവശ്യമായ മര്യാദയോടെയുള്ള പെരുമാറ്റം ആണ് ഈ സംവാദം ആവശ്യപ്പെടുന്നത്. തുടക്കത്തില്‍ ട്രംപും ബൈഡനും പരസ്പരം ഹസ്തദാനം ചെയ്യാനുള്ള സാധ്യതയില്ല. ഏറെ അകലെ തയ്യാറാക്കിയ രണ്ട് പ്രസംഗ പീഠത്തിലായിരിക്കും ഇരുവരും നില്‍ക്കുക. സംവാദത്തിന് എത്തുന്ന അതിഥികളും സാമൂഹിക അകലം പാലിച്ചായിരിക്കും സദസില്‍ ഇരിക്കുക.
തന്ത്രങ്ങളും ശൈലികളും
മുന്‍ റിയാലിറ്റി ഷോ താരം കൂടിയായ ട്രംപ് ഔദ്യോഗികമായ സംവാദ തയ്യാറെടുപ്പ് വേണ്ടെന്ന് വെക്കുകയും ചെയ്‌തിട്ടുണ്ട്. ജഡ്‌ജിമാരെ തീരുമാനിക്കുക അല്ലെങ്കില്‍ ക്രമസമാധാന പാലനം തുടങ്ങിയ സൗഹാര്‍ദ്ദപരമായ സംവാദങ്ങളിലേക്ക് ആദ്യം തന്നെ എടുത്തു ചാടുവാനായിരിക്കും അദ്ദേഹം ശ്രമിക്കുക. പരിഹാസപൂര്‍വ്വമായ ഇരട്ടപേരു വിളിക്കുന്നതിനും എങ്ങോട്ടും തിരിയുന്ന ആക്രമണങ്ങള്‍ നടത്തുവാനും അദ്ദേഹം മിടുക്കനാണ്. മാത്രമല്ല പലപ്പോഴും തെറ്റായ പ്രസ്താവനകളും തെറ്റായ അവതരണങ്ങളും നടത്തുവാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.
ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പ്രാഥമിക സംവാദങ്ങളിലെ ബൈഡന്‍റെ പ്രകടനങ്ങള്‍ അസന്തുലിതമായിരുന്നു എന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ ആദ്യഘട്ട പോളിങ്ങിലെയും പ്രാഥമിക മത്സരങ്ങളിലേയും പ്രയാസങ്ങള്‍ക്ക് വലിയ ഒരു പങ്ക് വഹിക്കുകയും ചെയ്‌തു അത്. ദശാബ്ദങ്ങളായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം സംവാദകന്‍ എന്നുള്ള നിലയില്‍ പ്രസിഡന്‍റിനേക്കാള്‍ അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. ട്രംപുമായി അരികില്‍ നില്‍ക്കുമ്പോള്‍ താന്‍ “വസ്തുതകള്‍ പരിശോധിച്ച്'' ഉറപ്പ് വരുത്തി സംസാരിക്കുന്ന വ്യക്തിയായിരിക്കും എന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതേ സമയം തന്നെ ഒരു “കലഹത്തിലേക്ക്'' വലിച്ചിഴക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറയുന്നു. പ്രസിഡന്‍റില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനെന്ന് ഉയര്‍ത്തി കാട്ടുവാനായിരിക്കും ഈ ഡെമോക്രാറ്റ് ശ്രമിക്കുക. മാത്രമല്ല, തന്‍റെ മാനസികവും ശാരീരികവുമായ കരുത്തിനേയും അല്ലെങ്കില്‍ തന്‍റെ കുടുംബത്തേയും ഒക്കെ പരിഹസിച്ച് ആക്രമിക്കുന്ന എതിരാളിയുടെ തന്ത്രങ്ങളെ വെല്ലുവിളിക്കുവാന്‍ തന്നെയായിരിക്കും അദ്ദേഹം ശ്രമിക്കുക.