വാഷിങ്‌ടണ്‍: അമേരിക്കയിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് നിയുക്ത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്. വിദഗ്‌ധരുമായി ആലോചിച്ച ശേഷം മാത്രമെ പുതിയ മാര്‍ഗങ്ങള്‍ കൈക്കൊള്ളുകയുള്ളുവെന്നും കമലാ ഹാരിസ് പറഞ്ഞു. രാജ്യത്ത് പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും രോഗികളുടെ സമ്പര്‍ക്കവിവരങ്ങള്‍ കണ്ടെത്താനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും കമലാ ഹാരിസ് പറഞ്ഞു.
11 ലക്ഷം കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യത്തെ സാഹചര്യം വിലയിരുത്താൻ പ്രസിഡന്‍റെും വൈസ് പ്രസിഡന്‍റും വിദഗ്‌ധരുമായി ചര്‍ച്ച നടത്തും. കൊവിഡ് പ്രതിരോധ മരുന്ന് ഗവേഷണവും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും. സുരക്ഷിതമായ കൊവിഡ് മരുന്നുകള്‍ ജനങ്ങളിലേക്ക് സൗജന്യമായി എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമലാ ഹാരിസ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ മരുന്ന് കമ്പനിയായ മോഡേണയിലെ കൊവാക്‌സിൻ ഗവേഷണം 94.5 ശതമാനം വിജയമായതിന് പിന്നാലെയാണ് കൊവാക്‌സിൻ സംബന്ധിച്ചുള്ള കമലാ ഹാരിസിന്റെ പ്രഖ്യാപനം.
മരുന്ന് ഗവേഷണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അനുകൂലമായി മറുപടിയാണ് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭാഗത്തുനിന്നുമുണ്ടായത്. കൊവാക്‌സിൻ ഗവേഷണം അവസാന ഘട്ടത്തിലാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരുന്ന് ജനങ്ങളിലേക്കെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുൻകരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു.