വാഷിങ്ടണ്‍: അതിവേഗം പടരുന്ന കൊവിഡ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാൻ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് സാധിക്കുമെന്ന് പഠനം. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി റിപ്പോര്‍ട്ട് പ്രകാരം ഡെല്‍റ്റ വകഭേദത്തിനെതിരെയും മറ്റ് SARS-CoV-2 വകഭേദത്തിനെതിരെയും വാക്‌സിൻ വളരെയധികം ഫലപ്രദമാണ്. 8 മാസം വരെ രോഗപ്രതിരോധ ശേഷി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന സംഗ്രഹങ്ങള്‍ bioRxiv പ്രീപ്രിന്‍റ് സെര്‍വറിന് നല്‍കി.
ഡെല്‍റ്റ - ബീറ്റ നേരിടാം ഒറ്റ ഡോസില്‍
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബീറ്റ വകഭേദത്തിനെക്കാൾ ഡെല്‍റ്റ വകഭേദത്തെ നേരിടുന്നതില്‍ ജോൺസൺ ആൻഡ് ജോൺസണിന്‍റെ സിംഗിൾ ഡോസ് വാക്‌സിൻ ഫലപ്രദമാണ്. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏറെ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളില്‍ ഈ വാക്‌സിന്‍ 85 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ, മരണനിരക്ക് കുറയ്ക്കാനും ഈ വാക്‌സിനിലൂടെ സാധിച്ചുവെന്നും പഠനങ്ങൾ പറയുന്നു. കൊവിഡ് ബീറ്റ, സീറ്റ വകഭേദങ്ങള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഉള്‍പ്പെടെ വാക്സിൻ നല്‍കുന്നുണ്ട്.
8 മാസത്തെ രോഗപ്രതിരോധ ശേഷി
ലോകത്തിന് തന്നെ വെല്ലുവിളി ആയിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി ഇല്ലാതാക്കുന്നതില്‍ ഈ ഒറ്റ ഡോസ് വാക്‌സിൻ പ്രധാന പങ്ക് വഹിക്കുമെന്ന് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി വക്താക്കള്‍ പ്രതികരിച്ചു. എട്ട് മാസത്തേക്ക് രോഗപ്രതിരോധ ശേഷി നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായും കമ്പനി പറയുന്നു. വാക്‌സിന് ഇതിനോടകം അമേരിക്ക, യൂറോപ്പ്, തായ്‌ലാന്‍ഡ്, ദക്ഷിണാഫ്രിക്ക അടക്കം നിരവധി രാജ്യങ്ങള്‍ അംഗീകാരം നല്‍കി കഴിഞ്ഞു. ഫെബ്രുവരി 27നാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് അമേരിക്ക അംഗീകാരം നല്‍കുന്നത്.
Also Read: COVID 19: രാജ്യത്തെ രോഗ നിരക്ക് താഴേക്ക്; മരണ സംഖ്യയിലും ആശ്വാസം