ചെന്നൈ: അമേരിക്കൻ തെരഞ്ഞെടുപ്പിന് പിന്നാലെ വൈറ്റ് ഹൗസിനും ചെന്നൈക്കും ഇപ്പോൾ അടുത്ത ബന്ധമാണ് ഉള്ളത്. അമേരിക്കയുടെ 46-ാം പ്രസിഡന്‍റ് ജോ ബൈഡനും ചെന്നൈയുമായി പൂർവ്വിക വേരുകളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കമല ഹാരിസിനെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് നോമിനിയായി തെരഞ്ഞെടുത്തതു മുതൽ, ഇന്ത്യൻ മാധ്യമങ്ങൾ ഇവരുടെ ചെന്നൈ ബന്ധത്തെക്കുറിച്ചും, ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ കുറിച്ചുമെല്ലാം വാർത്തകൾ നൽകിയിരുന്നു. എന്നാൽ ബൈഡനും ചെന്നൈയുമായി ഇത്തരം ഒരു ബന്ധമുണ്ടെന്ന് ചിലർക്ക് മാത്രമേ അറിയൂ. ഒരുപക്ഷേ, ഇരുവുടെയും പൂർവികർ മറീനയിലെ മണലിൽ ഒരേ പാതയിലൂടെ നടന്നിരിക്കാം. വ്യത്യസ്ത കാലഘട്ടത്തിലാണെങ്കിലും അവരുടെ കാൽപ്പാടുകൾ തീരത്ത് പതിഞ്ഞിട്ടുണ്ടായിരിക്കാം.
ഒരുപക്ഷേ ഇത് ബൈഡനും കമല ഹാരിസിനും പുതിയ അറിവായിരിക്കും. കാരണം, തന്‍റെ ഇന്ത്യൻ ബന്ധത്തെക്കുറിച്ച് ബൈഡൻ ആദ്യമായി പരാമർശിച്ചപ്പോൾ, മുംബൈയുമായുള്ള തന്‍റെ പൂർവ്വികരുടെ ബന്ധത്തെക്കുറിച്ച് മാത്രമേ പറഞ്ഞിരുന്നുള്ളൂ.
"1972 ൽ എനിക്ക് 29 വയസ്സുള്ളുപ്പോൾ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എനിക്ക് ലഭിച്ച ആദ്യത്തെ കത്തുകളിൽ ഒന്ന് മുംബൈയിൽ നിന്ന് ബൈഡൻ എന്ന് പേരുള്ള ഒരാളുടെതായിരുന്നു" ജോ ബൈഡൻ പറഞ്ഞിരുന്നു. അന്ന് ആദ്യമായാണ് തന്‍റെ ഇന്ത്യൻ ബന്ധത്തെ കുറിച്ച് ബൈഡൻ വെളിപ്പെടുത്തിയത്. തനിക്ക് മുംബൈയിൽ ബന്ധുക്കൾ ഉണ്ടെന്നും, ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ഇന്ത്യയിൽ എത്തപ്പെട്ട പൂർവികരുടെ പിന്തുടർച്ചയിലുള്ള ആളാണ് തനിക്ക് ഈ കത്ത് അയച്ചതെന്നും ബൈഡൻ അന്ന് പറഞ്ഞിരുന്നു.
കത്തയച്ചയാൾക്കും തനിക്കും ജോർജ് ബൈഡൻ എന്ന പൂർവികനുമായാണ് വേരുകൾ ഉള്ളതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ജോർജ് ബൈഡൻ ഇംഗ്ലണ്ടിൽ നിന്നു ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്യാപ്റ്റനായിരുന്നു. ബൈഡൻ കുടുംബത്തിന്‍റെ വേരുകൾ തേടിയ മറ്റൊരു റിപ്പോർട്ട് ചെന്നെത്തുന്നതു ചെന്നൈയിലെ സെന്‍റ് ജോർജ് കത്തീഡ്രലിലാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആംഡ് മെർച്ചന്‍റ് ഷിപ്പിൽ ജീവനക്കാരായാണു ബൈഡൻ സഹോദരന്മാരായ വില്യം ഹെൻട്രിയും ക്രിസ്റ്റഫറും 1800കളുടെ തുടക്കത്തില്‍ ചെന്നൈയിലെത്തുന്നത്. ക്രിസ്റ്റഫര്‍ പിന്നീട് ക്യാപ്റ്റനായി. 1858 ഫെബ്രുവരി 25ന്, 68-ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. സെന്‍റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിലാണു അദ്ദേഹത്തിനെ സംസ്കരിച്ചത്. അതിന്‍റെ ഓർമയ്ക്കായി ചുമരിൽ ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പള്ളി അധികാരികളിൽ അദ്ദേഹത്തെ കുറിച്ച് കൂടുതൽ രേഖകൾ ഒന്നും തന്നെയില്ല. ശിലാഫലകത്തിനു പുറമെ ക്രിസ്റ്റഫർ ബൈഡന്‍റെ ഒരു രേഖചിത്രവും പള്ളിയിൽ ഉണ്ട്.
ജോ ബൈഡന്‍റെ പൂർവ്വികർ യഥാർത്ഥത്തിൽ അയർലണ്ടിൽ നിന്നുള്ളവരാണ്. ജോ ബൈഡന്‍റെ ചെന്നൈ ബന്ധത്തിന്‍റെ വേരുകൾ ക്രിസ്റ്റഫർ ബൈഡനിൽ തന്നെയായിരിക്കാം എന്നാണ് പുതിയ നിഗമനം.