വാഷിംഗ്ടൺ: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നയർത്തുന്ന വെല്ലുവിളിക്കെതിരെ ലോകം തിരിച്ചടികൾ നൽകേണ്ട സമയമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ ഭീഷണികളെക്കുറിച്ച് അമേരിക്ക വളരെക്കാലമായി പ്രതികരിക്കാറില്ലായിരുന്നെന്നും പോപിയോ.
കൊറോണ വൈറസിന് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധിക്കുമെന്ന് ചൈനക്ക് നേരത്തെ അറിയാമായിരുന്നെന്നും പോംപിയോ പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രമല്ല, ഏഷ്യയിലും കൂടുതലായി യൂറോപ്പിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭീഷണി മനസിലാക്കിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്ക ഇതുവരെ ഇടപെട്ടിട്ടില്ലെന്നും പോപിയോ പറഞ്ഞു.
ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾക്കും സ്വാതന്ത്ര്യസ്നേഹികൾക്കും വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ പോരാടാൻ സമയമായെന്നും 40 വർഷമായി യുഎസ് ഭരണകൂടങ്ങൾ അമേരിക്കയെ ചവിട്ടിമെതിക്കാൻ ചൈനയെ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇനിയത് വേണ്ടെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന് ന്യായമായ പരസ്പര വ്യാപാര ബന്ധം ചൈനയുമായി നിലനിർത്തുമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അമേരിക്കക്കാരോടും അമേരിക്കയോടും പെരുമാറുന്ന അതേ രീതിയിൽ ചൈനയോടും അമേരിക്കയിലെത്തുന്ന ചൈനീസ് പൗരന്മാരോടും പെരുമാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ അമേരിക്കയിലേക്ക് പലായനം ചെയ്ത ഹോങ്കോംഗ് ആസ്ഥാനമായുള്ള വൈറോളജിസ്റ്റ് ഡോ. യാൻ ലി-മെംഗ് വൈറസ് പടരുമെന്ന് വിവരം പുറത്ത് വിടുന്നതിന് മൂന്നാഴ്ച മുമ്പ് വിവരം ബീജിംഗിന് അറിയാമായിരുന്നു എന്ന് വെളിപ്പെുത്തിയിരുന്നു. ഇതിനെക്കുറിച്ചും പോംപിയോ സംസാരിച്ചു.
ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഹാനികരമാവുകയും ട്രില്യൺ കണക്കിന് ഡോളർ ചിലവാകുകയും ചെയ്തു. ഇതിന് വഴിവെച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ ലോകം ഒന്നിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും രോഗം തടയാൻ ആകുമായിരുന്ന സമയത്ത് കൊവിഡ് മനുഷ്യരിൽ നിന്നും മനുഷ്യരിലെക്ക് പടർന്ന് പിടിക്കുമെന്ന കാര്യം മറച്ച് വെച്ചതിൽ ചൈനക്ക് പൂർണ ഉത്തരവാദിത്തമുണ്ടെന്നും അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞു.
3.5 ദശലക്ഷത്തിലധികം കൊവിഡ് കേസുകളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1,37,000 കൊവിഡ് മരണങ്ങളാണ് ഉണ്ടായത്. ചൈനീസ് പാർട്ടി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎസ് പ്രവേശനം നിരോധിച്ചേക്കാമെന്ന റിപ്പോർട്ടുകളോട് പോംപിയോ പ്രതികരിച്ചില്ല. പ്രസിഡന്‍റിന്‍റെ മാർഗനിർദേശപ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും, വ്യാപാര മേഖലയിലും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളിലും നയതന്ത്രപരമായ ഇടപെടലുകളിലും ഇത് കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.