ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) പാകിസ്ഥാനെ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭീകരതയെന്ന് യുഎൻഎസ്‌സിയിലെ ഇന്ത്യയുടെ അംബാസഡർ ടി. എസ്. തിരുമൂർത്തി പറഞ്ഞു. 'അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമെതിരായ ഭീഷണികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണി യാണെന്നും ആഗോള ഭീകരവാദത്തിനെതിരായ ശ്രമങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ ശക്തവും നിർണായകവുമായ ആഗോള പോരാട്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളായ ഹഖാനി ശൃംഖല, അൽ-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയ്ക്ക് പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയിലെ പ്രമുഖ ഭീകര സംഘടനകളായ അൽ-ക്വയ്ദ, ഐഎസ്‌എൽ കെ, തെഹ്രിക്-താലിബാൻ എന്നിവരോടൊപ്പം പാകിസ്ഥാൻ അധികൃതർ പ്രവർത്തിച്ചിട്ടുണ്ടെന്നും തിരുമൂർത്തി പരാമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രമായ പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഇന്ത്യ ചെയ്യുന്നത് എന്നും ടി. എസ്. തിരുമൂർത്തി പറഞ്ഞു.