വാഷിങ്‌ടണ്‍: കൊവിഡ് ചികിത്സക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ പര്യാപ്‌തമല്ലെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്‌താവനയോടെയാണ് കൊവിഡ് ചികിത്സയിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകൾക്ക് പ്രധാന്യം ലഭിച്ചത്. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ച് ചികിത്സിച്ച രോഗികളിൽ 27 ശതമാനത്തിലധികം പേരാണ് മരിച്ചത്. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ യോജിപ്പിച്ചുള്ള ചികിത്സാ രീതിയിലും 22 ശതമാനം പേർ മരിച്ചതായി റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഈ മരുന്നുകൾ ഉപയോഗിക്കാതെയുള്ള ചികിത്സയിൽ 11.4 ശതമാനം ആളുകളാണ് മരണപ്പെട്ടത്.
തുടർന്ന് കൊവിഡ് ചികിത്സക്ക് ഈ മരുന്നുകളുടെ ഉപയോഗം പാടില്ലെന്ന് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയെന്ന് വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. ഈ മരുന്നുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ഗവൺമെന്‍റ് കൂടുതൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ മരുന്നുകൾ ദോഷകരമാണെന്ന് അറിയാമെങ്കിലും ഗുണഫലങ്ങൾ അറിയുന്നതുവരെ തീരുമാനത്തിലെത്താൻ കഴിയില്ലെന്നാകും ഭരണകൂടം അഭിപ്രായപ്പെടുകയെന്ന് യേൽ സർവകലാശാലയിലെ മെഡിസിൻ, പബ്ലിക് ഹെൽത്ത് പ്രൊഫസർ ജോസഫ് റോസ് പറഞ്ഞു. ശാസ്ത്രജ്ഞർക്ക് ആവശ്യത്തിന് സമയം അനുവദിക്കാതെ ട്രംപ് ഭരണകൂടം സമ്മർദം ചെലുത്തിയെന്നും തുടർന്നാണ് പ്രസിഡന്‍റ് ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകളെ ഗെയിം ചെയ്ഞ്ചർ ആയി അവതരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് രോഗികളിൽ കുറെ പേർ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ആണെന്നും അതിനാൽ മരണസംഖ്യയിലെ ഉയർച്ചയിൽ അത്ഭുതപ്പെടാനില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ നടത്തിയ പഠനത്തിൽ മരുന്ന് ഉപയോഗിക്കുന്നവരിൽ യാതൊരു ഗുണവും കണ്ടെത്തിയിട്ടില്ലെന്നും മരണനിരക്ക് വർധിച്ചിട്ടില്ലെന്നും ഗവേഷകർ പറഞ്ഞു. മലേറിയ, റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എന്നീ രോഗങ്ങളുടെ ചികിത്സക്കായി എഫ്‌ഡിഎ ഹൈഡ്രോക്‌സിക്ലോറോക്വിന് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും കൊവിഡ് രോഗികൾക്ക് ഈ മരുന്നുകൾ ഉപയോഗിക്കുന്നതിൽ അപകടസാധ്യതയുണ്ടെന്ന് ചില മെഡിക്കൽ ഗ്രൂപ്പുകൾ മുൻപേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രസീലിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ 11 രോഗികൾ മരിച്ചതിനുശേഷം പരീക്ഷണം നിർത്തിവെച്ചിരുന്നു.