ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് കേസുകൾ 47,20,196 ആയി ഉയർന്നു. ഇതുവരെ 3,13,220 ആളുകൾക്ക് വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായി. ലോകമെമ്പാടുമായി 18,11,674 കൊവിഡ് ബാധിതർ രോഗമുക്തി നേടിയിട്ടുണ്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്‌തത് അഞ്ച് പുതിയ വൈറസ് കേസുകളാണ്. അതിൽ രണ്ടെണ്ണം വിദേശത്ത് നിന്നെത്തിയവർക്കാണ്. ശേഷിക്കുന്ന മൂന്ന് കേസുകൾ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിൽ നിന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി പുതിയ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ജിലിൻ നഗരത്തിൽ ഒരാൾ വൈറസ് ബാധയേറ്റ് മരിച്ചതോടെ മൊത്തം 4,634 രോഗികളാണ് കൊവിഡിന് കീഴടങ്ങിയത്. ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 82,947 ആണ്. രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 86 രോഗികളാണ്, 519 പേരെ ഐസൊലേഷനിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 9,200 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കേസുകളുടെ എണ്ണം 2,72,043 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഏറ്റവും കൂടുതൽ രോഗികളുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി റഷ്യ മാറി. പുതുതായി ഇവിടെ 119 ആളുകൾ കൂടി രോഗത്തിന് കീഴടങ്ങി. അങ്ങനെ, റഷ്യയിലെ മൊത്തം മരണസംഖ്യ 2,537 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,940 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ 63,166 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്‌ത മോസ്കോയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,505 വൈറസ് ബാധിതരെയാണ് കണ്ടെത്തിയത്. ഇവിടുത്തെ മൊത്തം കേസുകളുടെ എണ്ണം 1,38,969 ആണ്.
ദക്ഷിണ കൊറിയയിൽ 13 പുതിയ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൊറിയ സെന്‍റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് മൊത്തം 11,050 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 9,888 പേർ സുഖം പ്രാപിക്കുകയും 262 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. മൊത്തം 17,660 ആളുകളുടെ സാമ്പിളുകൾ ഇതുവരെ പരിശോനക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.