വാഷിംഗ്‌ടൺ: ആഗോളതലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 200,000 കവിഞ്ഞതായി ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി സെന്‍റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ലോകമെമ്പാടുമായി മൊത്തം 2.8 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 200,698 രോഗികൾ മരിക്കുകയും 810,000 ൽ അധികം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്‌തുവെന്നാണ് പുതിയ കണക്ക്.
ഇതുവരെ 52,782 പേർ യുഎസിൽ മരിച്ചു. ഇവിടുത്തെ മൊത്തം കേസുകളുടെ എണ്ണം 924,576 ആയി. ഇറ്റലിയിൽ 26,384 മരണങ്ങളും സ്‌പെയിനിൽ 22,902 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം, ലോകാരോഗ്യ സംഘടനയുടെ ദൈനംദിന റിപ്പോർട്ടിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ സൈബർ ആക്രമണവും പൊതുജനങ്ങളെ ലക്ഷ്യമിട്ട് വ്യാജ ഇമെയിലുകളും പ്രചരിക്കുന്നതായി പറയുന്നു. ഇത്തരം വ്യാജ വാർത്തകൾക്കും ഇമെയിലുകൾക്കും എതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡിനെ സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും വിശ്വസിനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.