വാഷിംങ്ടൺ: ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണം, കൊള്ള, പൊതു മുതൽ നശീകരണം തുടങ്ങിയ വിവിധ വകുപ്പുകളിലാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് വകുപ്പ് മേധാവി കാർമെൻ ബെസ്റ്റ് പറഞ്ഞു. ആളുകളുടെ ജീവൻ രക്ഷിക്കുക, പൊതു മുതൽ നശീകരണം തടയുക എന്നിവക്കാണ് മുൻഗണന നൽകുന്നതെന്നും നിലവിൽ നിരവധി ഉദ്യോഗസ്ഥർക്കും സാധാരണ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ടെന്നും കാർമെൻ പറഞ്ഞു.
കൊലപാതകത്തെ തുടർന്ന് 30ഓളം യുഎസ് നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. മിനസോട്ടയിൽ പ്രതിഷേധിച്ച നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയത്. യുഎസിൽ 16 സ്റ്റേറ്റുകളിലായി 25 നഗരങ്ങളിലാണ് ഇതുവരെ കർഫ്യൂ പ്രഖ്യാപിച്ചത്.