വാഷിങ്‌ടൺ: കസ്റ്റഡിയിലെടുക്കുന്നതിനിടയിലെ പൊലീസുകാരന്‍റെ കൊടുക്രൂരതയില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന് ദാരുണാന്ത്യം. അമേരിക്കയിലെ മിനസോട്ടയിലെ മിനിയ പൊലിസിലാണ് തിങ്കളാഴ്‌ച ജോര്‍ജ് ഫ്ലോയിഡ് (46) എന്ന യുവാവ് കൊല്ലപ്പെട്ടത്. പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ ഉയരുന്നത്.
ഒരു കടയിലുണ്ടായ അക്രമസംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. പൊലീസ് കാറിന് സമീപം വച്ച് റോഡില്‍ കിടത്തിയ ശേഷമായിരുന്നു യുവാവിനോട് അമേരിക്കന്‍ പൊലീസിന്‍റെ അതിക്രമം. ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് എടുക്കാന്‍ പൊലീസുകാരന്‍ തയ്യാറായില്ല. സമീപത്തുണ്ടായിരുന്നവര്‍ വീഡിയോയും ചിത്രങ്ങളുമെടുത്തതോടെയാണ് പൊലീസ് അതിക്രമം പുറത്ത് വന്നത്. റെസ്റ്ററന്‍റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്‌തിരുന്നയാളാണ് ജോര്‍ജ്. സ്ഥലത്തെ പരചരക്ക് കടയിലുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ജോര്‍ജിനെ കണ്ട് തെറ്റിധരിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തില്‍ എഫ്ബിഐയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. 2014ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. എറിക് ഗാർനർ എന്ന നിരായുധനായ കറുത്ത വര്‍ഗക്കാരനെ പൊലീസ് ആക്രമിക്കുകയും ശ്വാസത്തിന് വേണ്ടി അയാൾ അപേക്ഷിക്കുകയും ചെയ്‌ത സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ രണ്ട് സംഭവങ്ങളെയും ഉയര്‍ത്തിക്കാട്ടിയാണ് രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നത്.

ഇതേ തുടര്‍ന്ന് മേയർ ജേക്കബ് ഫ്രേ ഫേസ്ബുക്ക് പോസ്റ്റിലൂടെ കറുത്ത വര്‍ഗക്കാരോട് മാപ്പ് അഭ്യര്‍ഥിച്ചു. കറുത്ത വര്‍ഗക്കാരനായതിന്‍റെ പേരില്‍ അമേരിക്കയില്‍ ഓരാളും കൊല്ലപ്പെടാൻ പാടില്ല. ഒരു കറുത്ത വര്‍ഗക്കാരനായ യുവാവിന്‍റെ കഴുത്തില്‍ വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കാല്‍ മുട്ട് അമര്‍ത്തുന്ന ദൃശ്യങ്ങൾ കണ്ടു. അഞ്ച് മിനിറ്റോളം പൊലീസ് ക്രൂരത തുടര്‍ന്നു. അയാളുടെ നിലവിളി കേട്ട് ആരും സഹായിക്കാനെത്തിയില്ല. സഹായിക്കേണ്ട ഉത്തരവാദിത്തം കണ്ടുനിന്നവര്‍ക്കുമുണ്ട്. ആ പൊലീസ് ഉദ്യോഗസ്ഥൻ ഏറ്റവും അടിസ്ഥാനപരമായ മനുഷ്യത്വം പോലും നഷ്‌ടപ്പെട്ടയാളാണെന്നും മേയർ ജേക്കബ് ഫ്രേ ഫേസ്ബുക്കില്‍ കുറിച്ചു.