കാലിഫോർണിയ: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പോസ്റ്റ് ചെയ്‌ത 155 വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്‌തതായി ഫേസ്‌ബുക്ക് അറിയിച്ചു. ചൈനയിൽ നിന്ന് പ്രവർത്തിക്കുന്ന അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്‌തത്. ഫേസ്‌ബുക്ക് പോളിസി ലംഘനത്തെ തുടർന്ന് 11 ഫേസ്‌ബുക്ക് പേജുകളും ഒമ്പത് ഗ്രൂപ്പുകളും ആറ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്‌തെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ചൈനയിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിച്ചതെന്നും കിഴക്കൻ ദക്ഷിണ ഏഷ്യ, ഫിലിപ്പീൻസ്, യുഎസ് എന്നിവിടങ്ങളിലും ഈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. ഈ അക്കൗണ്ടുകളിൽ നിന്ന് വിവിധ പ്രസിഡന്‍റ് സ്ഥാനാർഥികളെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ ഇട്ടെന്ന് ഫെയ്‌സ്ബുക്കിന്‍റെ സുരക്ഷാ നയ മേധാവി നഥാനിയേൽ ഗ്ലേച്ചർ കമ്പനിയുടെ വെബ്‌സൈറ്റ് പോസ്റ്റിൽ എഴുതി. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തെപ്പറ്റി ഫേസ്‌ബുക്ക് ജനങ്ങൾക്ക് വിവരം നൽകുന്നത്.