കാലിഫോർണിയ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ മുതലെടുത്ത് പ്രവർത്തിച്ച 200ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ഇത്തരം അക്കൗണ്ടുകൾ പ്രൗഡ് ബോയ്സ്, അമേരിക്കൻ ഗാർഡ് എന്നീ ഗ്രൂപ്പുകളുമായി ബന്ധിപ്പിച്ചിരുന്നു. ഈ രണ്ട് വിദ്വേഷ ഗ്രൂപ്പുകൾ ഇതിനോടകം തന്നെ ഫേസ്ബുക്ക് നിരോധിച്ചിരുന്നു.
നേരത്തെ തന്നെ ഇത്തരം ഗ്രൂപ്പുകൾ നിരീക്ഷണവിധേയമാക്കിയിരുന്നു. ഇവയിലൂടെ ശാരീരികമായി പ്രതിഷേധങ്ങൾ നയിക്കാനും വേണ്ടിവന്നാൽ ആയുധങ്ങൾ ഉപയോഗിക്കാനും അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നതായും ഫേസ്‌ബുക്കിന്‍റെ കൗണ്ടർ ടെററിസം ആൻഡ് ഡേഞ്ചറസ് ഓർഗനൈസേഷൻ പോളിസി ഡയറക്ടർ ബ്രയാൻ ഫിഷ്മാൻ അറിയിച്ചു. അക്കൗണ്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിദ്വേഷ പ്രചരണം നടത്തുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. തീവ്ര ഇടതുപക്ഷ ആന്‍റിഫ പ്രസ്ഥാനത്തിലെ അംഗങ്ങളായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചില അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതായി നേരത്തെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.
ആഫ്രിക്കയിലും ഇറാഖിലും പൊതുജനാഭിപ്രായത്തിൽ സ്വാധീനം ചെലുത്താൻ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകളുടെ ശൃംഖലകൾ ഇല്ലാതാക്കാനുള്ള നടപടികളും ഫേസ്ബുക്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.