ന്യൂയോര്‍ക്ക് : ഐക്യരാഷ്‌ട്ര സഭയുടെ 12 റഷ്യൻ നയതന്ത്രജ്ഞരെ തങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുന്നതായി അറിയിച്ച് അമേരിക്ക. ചാരന്മാരാണെന്ന് ആരോപിച്ചാണ് നടപടി. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടിയുടെ അഞ്ചാം ദിനമായ തിങ്കളാഴ്‌ച ജോ ബൈഡന്‍ ഭരണകൂടം നിലപാട് കടുപ്പിക്കുകയായിരുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്‌ടിക്കുന്ന വിധത്തില്‍ റഷ്യൻ നയതന്ത്രജ്ഞർ അമേരിക്കയിൽ നിന്നും ചാരപ്രവർത്തനം നടത്തി. ഐക്യരാഷ്‌ട്ര സഭയിലെ പ്രതിനിധികള്‍ എന്ന നിലയില്‍ യു.എസില്‍ താമസിക്കാനുള്ള വിശേഷാധികാരം അവര്‍ ദുരുപയോഗം ചെയ്‌തു. തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാസങ്ങളായുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് പുറത്താക്കലെന്നും യു.എന്നിലെ യു.എസ് മിഷൻ വിശദീകരിച്ചു.
ALSO READ: യുക്രൈൻ - റഷ്യ ആദ്യ ഘട്ട ചർച്ച അവസാനിച്ചു; രണ്ടാംഘട്ടം വരും ദിവസങ്ങളില്‍
യു.എന്നില്‍ 193 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയിൽ ഐക്യരാഷ്ട്രസഭയുമായുള്ള യു.എസിന്‍റെ ഉടമ്പടി അനുസരിച്ചാണ് നടപടിയെന്നും യുഎസ് മിഷൻ വ്യക്തമാക്കി.
അതേസമയം, അമേരിക്കന്‍ നടപടിയ്‌ക്കെതിരെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ രംഗത്തെത്തി. 'അസ്വീകാര്യമായത് എന്തെങ്കിലുമുണ്ടായാല്‍ വ്യാജന്യായങ്ങള്‍ നിരത്തിയാണ് അവര്‍ വിശദീകരണം നടത്തുക. അവർ എപ്പോഴും ചെയ്യുന്നൊരു കാര്യമാണിത്' - എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.