വാഷിങ്ടൺ: അടുത്ത അമേരിക്കൻ പ്രസിഡന്‍റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ ഔപചാരികമായി തെരഞ്ഞെടുക്കാൻ യുഎസ് സംസ്ഥാനങ്ങളിലെ ഇലക്ട്രല്‍ കോളജ് അംഗങ്ങൾ ഇന്ന് യോഗം ചേരും. ഇവരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിൽ പ്രസിഡന്‍റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായതിലേറെ ഇലക്ട്രല്‍ കോളജ് അംഗങ്ങളെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുള്ള ബൈഡന് നിയമാനുസൃത നടപടി എന്നതിനപ്പുറം ഇതിൽ പ്രസക്തിയൊന്നുമില്ല. അമ്പത് സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയയിലും അതതു സംസ്ഥാനങ്ങളിലെ ഇലക്റ്ററൽ കോളജ് അംഗങ്ങൾ ഇന്നു വോട്ടു ചെയ്യും. ഇവരുടെ ഫലം വാഷിങ്ടണിലേക്ക് അയച്ചുകൊടുക്കും.
ജനുവരി ആറിന് പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ അധ്യക്ഷതയിലാണ് ഇത് എണ്ണുക. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് നിലവിലുള്ള പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തോൽവി സമ്മതിച്ചിട്ടില്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇലക്ട്രേഴ്സ് വോട്ടു ചെയ്തു കഴിഞ്ഞ് രാത്രിയിൽ അമേരിക്കയെ അഭിസംബോധന ചെയ്യാൻ ബൈഡൻ പദ്ധതിയിട്ടിട്ടുണ്ട്.
യഥാർഥത്തിൽ ദയനീയമായി തോറ്റ പ്രസിഡന്‍റിനെയാണ് രാജ്യത്തിനു കിട്ടുക എന്നതിലാണു താൻ നിരാശനാവുന്നതെന്ന് ട്രംപ് ഇലക്ട്രല്‍ കോളജ് അംഗങ്ങളുടെ വോട്ട് തുടങ്ങും മുൻപ് ഒരു വിദേശ മാധ്യമത്തോട് പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 306 ഇലക്ട്രല്‍ വോട്ടുകളാണു ബൈഡനു ലഭിച്ചിരിക്കുന്നത്. ട്രംപിന് 232 വോട്ട് മാത്രമേയുള്ളൂ. ഭൂരിപക്ഷത്തിന് 270 വോട്ടുകൾ മതി. പേപ്പർ ബാലറ്റ് ഉപയോഗിച്ചാണ് ഇലക്ട്രല്‍ കോളജ് അംഗങ്ങൾ വോട്ടു ചെയ്യുക. പ്രസിഡന്‍റിനൊപ്പം വൈസ് പ്രസിഡന്‍റിനെയും ഇലക്ട്രല്‍ കോളജ് തെരഞ്ഞെടുക്കും. രണ്ട് തെരഞ്ഞെടുപ്പുകളിലുമായി ഓരോ വോട്ട് വീതമാണ് എല്ലാവർക്കുമുള്ളത്.