വിയന്ന: ഇറാനുമായുള്ള ആണവ കരാറിലേക്ക് അമേരിക്കയെ തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ട് ലോക രാജ്യങ്ങളുടെ ചർച്ച ഓസ്ട്രിയൻ തലസ്ഥാന നഗരിയായ വിയനയിൽ ആരംഭിക്കുന്നു. അമേരിക്കയുമായുള്ള ആണവ ഉടമ്പടി ലക്ഷ്യത്തിലെത്താതിരിക്കാൻ റഷ്യ ശ്രമിക്കുന്നുവെന്ന, ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ആരോപണത്തിനിടെയാണ് വിയനയിൽ റഷ്യയടക്കമുള്ളവർ പങ്കെടുക്കുന്ന ചർച്ച അരങ്ങേറുന്നത്. അതേസമയം, ഇറാന്റെ ആരോപണത്തിൽ റഷ്യ ഇതു വരെ പ്രതികരിച്ചിട്ടില്ല.
ബറാക് ഒബാമ യു.എസ്. പ്രസിഡന്‍റായിരിക്കെയാണ് കരാറിൽ ഒപ്പിട്ടത്. പിന്നീട് 2018-ൽ ട്രംപിന്‍റെ ഭരണകാലത്ത് യു.എസ്. കരാറിൽനിന്ന് പിന്മാറി. വിയന്നയിൽ നടക്കുന്ന ചർച്ചയിൽ കരാറിലെ മറ്റംഗങ്ങളായ റഷ്യ, ചൈന, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ. അതേസമയം, കരാര്‍ പുനസ്ഥാപിക്കണമെന്നാണ് ജോ ബൈഡന്റെ താത്പര്യം. ഇറാന്‍ പ്രതിനിധികളുമായി അനൗപചാരിക സംഭാഷണം നടത്തുകയെന്ന ലക്ഷ്യത്തിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധികളും വിയന്നയിലെത്തുന്നുണ്ട്.
ഇതിനിടെ, യു.എസ് ജയിലിലുള്ള പൗരന്മാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തുവന്നു. ഇറാൻ ജയിലുകളിലുള്ള അമേരിക്കൻ പൗരന്മാരെ വിട്ടുതരുന്നതിന് പകരമായി അമേരിക്കയും മോചിപ്പിക്കണമെന്നാണ് ആവശ്യം.