ഹൈദരാബാദ്: കൊവിഡ് മഹാമാരിക്കെതിരെ പോരാടി ലോക രാജ്യങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4367 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് മരണസംഖ്യ 42,158 ആയി. 858,892 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ചൈനയെ മറികടന്ന അമേരിക്കയിലും ഫ്രാൻസിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ഒറ്റ ദിവസം കൊണ്ട് അമേരിക്കയില്‍ 742 പേർ മരിച്ചു. 3890 ആണ് അമേരിക്കയിലെ മരണനിരക്ക്. അടിയന്തര സാഹചര്യം നേരിടാൻ നൂറുകണക്കിന് താല്‍ക്കാലിക ആശുപത്രികൾ നിർമ്മിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. വരാൻ പോകുന്ന രണ്ടാഴ്ച വേദന നിറഞ്ഞ കാലമായിരിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നല്‍കുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നിലൊന്ന് ജനങ്ങളാണ് അമേരിക്കയില്‍ ലോക്‌ഡൗണില്‍ തുടരുന്നത്.
രോഗബാധ നിയന്ത്രിക്കാനാവാത്ത മറ്റൊരു രാജ്യമാണ് ഇറ്റലി. ഇതുവരെ 12,428 മരണം റിപ്പോർട്ട് ചെയ്തു. 105,792 രോഗികളാണ് ഇറ്റലിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലെത്തുന്ന ആറാമത്തെ രാജ്യമാണ് ഇറ്റലി. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലേക്കാൾ നാലിരട്ടി കടന്നിരിക്കുകയാണ്.
സ്പെയിനില്‍ മരണം 8,464 ആയി. 95,923 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂട്ടമരണം തുടരുകയാണ് സ്പെയിനില്‍. 12000ത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ രംഗമാകെ പ്രതിസന്ധിയിലാണ് സ്പെയിനില്‍.
ഫ്രാൻസിലും മരണസംഖ്യ അതിവേഗം ഉയരുകയാണ്. ഇതുവരെ 3523 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 499 പേർ മരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ഫ്രാൻസ് ലോക്ഡൗണിലാണ്. എന്നിട്ടും രാജ്യത്ത് മരണസംഖ്യയും രോഗികളുടെ എണ്ണവും വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുകെയിലും സ്ഥിതി അതീവ ഗുരുതരമാണ്. 1789 പേർ മരിച്ചു. 25,150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജർമനിയില്‍ 775, ഇറാനില്‍ 2,898, നെതർലൻഡ്സില്‍ 1039 പേരും മരിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുമ്പോൾ മെഡിക്കല്‍ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമമാണ് രാജ്യങ്ങളില്‍ അനുഭവപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ കൂടുന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.