വാഷിങ്ടൺ: കൊവിഡ് വൈറസ് രോഗബാധയുള്ള മൃഗങ്ങളുമായുള്ള മനുഷ്യ സമ്പർക്കത്തിലോ അല്ലെങ്കിൽ ലബോറട്ടറിയിൽ നിന്നോ വന്നതാകാമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം. വൈറസിന്‍റെ ഉത്ഭവം കണ്ടെത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അന്വേഷണത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഏജന്‍സിയുടെ പുതിയ വെളിപ്പെടുത്തൽ. 2019ലാണ് മധ്യ ചൈനീസ് നഗരമായ വുഹാനിൽ കൊവിഡ് രോഗബാധ ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ലോകമെമ്പാടും 168 ദശലക്ഷത്തിലധികം കേസുകൾ സ്ഥിരീകരിക്കുകയും 3.5 ദശലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിന്‍റെ അടുത്താണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ് സ്ഥിതി ചെയ്യുന്നത്. 2019 അവസാനത്തോടെ രോഗം പടർന്നുപിടിക്കുകയും പകർച്ചവ്യാധിയായിത്തീരുകയും ചെയ്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊവിഡിനെ ചൈന വൈറസ് അല്ലെങ്കിൽ വുഹാൻ വൈറസ് എന്ന് പരാമർശിച്ചത് നിരവധി വിവാദങ്ങൾക്കാണ് ഇടംകൊടുത്തത്. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ കൊവിഡ് മുന്‍പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ ചൈനയിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തുന്നതെന്നാണ് ചൈനയുടെ വാദം.
Also read: 'കൊവിഡ് മനുഷ്യനിർമ്മിതം'; നിലപാട് കടുപ്പിച്ച് ഫേസ്ബുക്ക്