മെൽബണ്‍ : ഓസ്‌ട്രേലിയയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 350 ആയി. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് നിർദേശം നല്‍കിയിട്ടുണ്ട് . വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർ നിരീക്ഷണത്തിലിരിക്കണമെന്നും വിദേശ തുറമുഖങ്ങളിൽ നിന്നുള്ള ക്രൂയിസ് കപ്പലുകൾ ഓസ്‌ട്രേലിയയിൽ ഡോക്കിംഗ് ചെയ്യുന്നത് നിരോധിക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു.
അതെസമയം രാജ്യത്ത് മരണസംഖ്യ അഞ്ച് ആയ സാഹചര്യത്തിൽ അനിവാര്യമല്ലാത്ത ബഹുജന സമ്മേളനങ്ങൾക്ക് വിലക്കും 50,000 ഡോളർ വരെ പിഴയും ചുമത്തുമെന്ന് ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പറഞ്ഞു. ന്യൂ സൗത്ത് വെയിൽസിൽ ഞായറാഴ്ച 37 കേസുകളാണ് റിപ്പോർട്ട് ചെയ്തത് . ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 171 ആയി. വിക്ടോറിയയിൽ 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.