വാഷിങ്ടൺ: ഉപഭോക്‌താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വാട്ട്സ്‌ആപ്പ്. ആപ്ലിക്കേഷന്‍റെ സ്വകാര്യത സംബന്ധിക്കുന്ന നയത്തിൽ മാറ്റം വരുന്നില്ല. ആപ്ലിക്കേഷനിലൂടെ അയക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്കും ലഭ്യമാകില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. ഫേസ്‌ബുക്ക് ഉൾപ്പെടെ സേവന ദാതാക്കൾക്ക് പോലും ഈ സന്ദേശങ്ങൾ വായിക്കാനുള്ള അവസരം ആപ്ലിക്കേഷൻ അനുവദിക്കുന്നില്ലെന്നും വാട്‌സ്‌ആപ്പ് പ്രസ്‌താവനയിൽ അറിയിച്ചു.
ആപ്ലിക്കേഷനിലെ പുതിയ ഫീച്ചറുകളിലൂടെ ബിസിനസ് ആവശ്യങ്ങൾക്കായുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നതടക്കമുള്ള സംവിധാനങ്ങൾ ലഭ്യമാക്കുന്നു. ആപ്ലിക്കേഷനിലൂടെ അയക്കുന്ന സന്ദേശങ്ങൾ ഉപയോക്താവിന്‍റെ ഡിവൈസിലാണ് സൂക്ഷിക്കുകയെന്നും തങ്ങളുടെ സെർവറുകളിൽ ഇത്തരം വിവരങ്ങൾ സംരക്ഷിക്കുന്നില്ലെന്നും വാട്‌സ്‌ആപ്പ് അറിയിച്ചു. സുരക്ഷ, സമഗ്രത തുടങ്ങിയവ സേവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണെന്നും വാട്‌സ്‌ആപ്പിന്‍റെ പുതുക്കിയ പോളിസിയിൽ പറയുന്നു.