റോസൗ: പിഎൻബി തട്ടിപ്പ് കേസിൽ ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്‌സി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് മറുപടി നൽകണമെന്ന് ജഡ്‌ജി ബെർണി സ്‌റ്റീഫൻസൺ. ചോക്‌സിയെ പ്രാദേശിക മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തിങ്കളാഴ്‌ചയാണ് കേസ് കോടതിക്ക് മുൻപാകെ എത്തിയത്. തുടർന്ന് നടന്ന വാദത്തിൽ ഹേബിയസ് കോർപ്പസ് ഹർജി വ്യാഴാഴ്‌ച രാവിലെ ഒൻപതു മണിക്ക് പരിഗണിക്കാൻ മാറ്റി. മെഹുൽ ചോക്‌സി ഇപ്പോൾ ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിലാണ്. വീൽചെയറിലാണ് അദ്ദേഹം കോടതിയിലെത്തിയത്.
അതേ സമയം മെഹുൽ ചോക്‌സിയുടെ സഹോദരൻ ചേതൻ ചിനു ഭായ് ചോക്‌സി ഡൊമിനിക്കയിലെ പ്രതിപക്ഷ നേതാവ് ലിനക്‌സ് ലിന്‍റണെ സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മെഹുൽ ചോക്‌സിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുകയും സംഭവം പാർലമെന്‍റിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പ് സംഭാവന വാഗ്‌ദാനം ചെയ്യുകയും ചെയ്‌തായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ചേതൻ 200,000 യുഎസ് ഡോളർ ലിന്‍റണിന് നൽകിയതായും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഒരു മില്യൺ ഡോളറിലധികം ധനസഹായം വാഗ്‌ദാനം ചെയ്‌തതായുമാണ് റിപ്പോർട്ടുകൾ. എന്നാൽ തനിക്ക് ചേതൻ ചോക്‌സിയെ അറിയില്ലെന്നും ചേതൻ ചോക്‌സി തന്നെ സന്ദർശിച്ചിട്ടില്ലെന്നും ലിന്‍റൺ പറഞ്ഞു. റിപ്പോർട്ടുകൾ കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. ഡൊമിനിക്കയിലെ പ്രതിപക്ഷത്തിന് മെഹുൽ ചോക്‌സിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടു പോയതാണെന്നും ഡൊമിനിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചതാണോ അല്ലയോ എന്നാണ് മെഹുൽ ചോക്‌സിയുടെ മുൻപിലുള്ള ചോദ്യമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.
Also Read: മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിലെ സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി