ബെയ്‌ജിങ്: കൊവിഡിന്‍റെ ഉറവിടം സംബന്ധിച്ച യുഎസിന്‍റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനീസ് ഉപ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. റിപ്പോർട്ട് പൂർണമായും രാഷ്‌ട്രീയപരമാണെന്നും റിപ്പോർട്ടിന് ശാസ്‌ത്രീയതയും വിശ്വാസ്യതയും ഇല്ലെന്നും ചൈനീസ് ഉപ വിദേശകാര്യ മന്ത്രി പറഞ്ഞു. യുഎസ് അന്താരാഷ്‌ട്ര 'വിഷവിൽകരണത്തിൽ' നിന്ന് പിന്മാറണമെന്നും മാ വിശദീകരിച്ചു.
യുഎസിന്‍റെ ഇന്‍റലിജന്‍സിനോട് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബൈഡന്‍ നിർദേശിച്ചിരുന്നത്. 2019 ഡിസംബറില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തിയത്. മൃഗങ്ങളാണോ, ലബോറട്ടറി അപകടമാണോ ചൈനയിലെ വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നതായിരുന്നു ഏജന്‍സി പ്രധാനമായി അന്വേഷിച്ചത്.
കൂടുതൽ വിവരങ്ങൾ ലഭ്യമാകാതെ കൊറോണ വൈറസിന്‍റെ ഉത്ഭവത്തെപ്പറ്റി പറയാനാവില്ലെന്നാണ് യുഎസ് ഇന്‍റലിജൻസ് കമ്യൂണിറ്റിയുടെ കണ്ടെത്തൽ. രണ്ട് തിയറികൾക്കും പ്രസക്‌തമാണെന്നും ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 17 പ്രധാന യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കാണ് ബൈഡൻ നിർദേശം നൽകിയിരുന്നത്. 2021ന്‍റെ ആദ്യത്തോടെ കൊറോണ വൈറസിന്‍റെ ഉൽഭവം കണ്ടെത്താനായി ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനയിലെ വുഹാനിൽ സന്ദർശനം നടത്തിയിരുന്നു.
READ MORE: കൊവിഡിന്‍റെ ഉറവിടം തേടി യുഎസ്; റിപ്പോര്‍ട്ട് 90 ദിവസത്തിനകം