സാന്‍റിയാഗോ: 38 പേരുമായി അന്‍റാര്‍ട്ടിക്കയിലേക്ക് പുറപ്പെട്ട ചിലി സൈനിക വിമാനം കാണാതായി. ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് പ്രാദേശിക സമയം വൈകുന്നേരം 4:55നാണ് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്. ആറ് മണിയോടെ വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടതായി വ്യോമസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 17 പേര്‍ ക്രൂ അംഗങ്ങളും 21 പേര്‍ യാത്രക്കാരുമാണ്.
അന്‍റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുമായാണ് വിമാനം പുറുപ്പെട്ടത്. വിമാനത്തിനായുള്ള തെരച്ചില്‍ നടത്തിവരികയാണ്. തന്‍റെ പ്രതിരോധ, ആഭ്യന്തര മന്ത്രിമാര്‍ക്കൊപ്പം വ്യോമസേന ആസ്ഥാനത്ത് സംഭവങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററിലൂടെ അറിയിച്ചു.