കാലിഫോർണിയ: മൂന്ന് മക്കളെയും സഹായിയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്‌തു. കാലിഫോർണിയയിലെ ആർഡൻ ആർക്കേഡ് ഏരിയയിലെ സാക്രമെന്‍റോ പള്ളിയിൽ തിങ്കളാഴ്‌ചയാണ് സംഭവം. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വെടിവയ്‌പ്പ് നടന്നതെന്ന് സാക്രമെന്‍റോ കൗണ്ടി ഷെരീഫ് ഓഫിസിലെ സർജന്‍റ് റോഡ് ഗ്രാസ്‌മാൻ പറയുന്നു.
9, 10, 13 വയസുള്ള മൂന്ന് പെൺകുട്ടികളാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. കുട്ടികൾ അമ്മയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. വെടിവച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 39കാരനാണ് വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വെടിയൊച്ച കേട്ട പള്ളി ജീവനക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗാർഹിക പ്രശ്‌നങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇംഗ്ലീഷ്, ചൈനീസ്, സ്‌പാനിഷ് വിശ്വാസികൾക്കായുള്ള സാക്രമെന്‍റോ പള്ളിയിൽ തിങ്കളാഴ്‌ച ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ കൊല്ലപ്പെട്ടവർ പള്ളിയിൽ ഉൾപെട്ടവരാണോ എന്ന് അറിയില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
Also Read: യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് യെച്ചൂരി