ബ്രസീലിയ: ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തലസ്ഥാനമായ ബ്രസീലിയയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദേഹം ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ബോൾസോനാരോ പൊതുപരിപാടികളിൽ മാസ്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താൻ ഒരു കായികതാരമായിരുന്നത് തന്നെ വൈറസിൽ നിന്ന് സംരക്ഷിക്കുമെന്നും കൊവിഡ് തനിക്ക് ഒരു ചെറിയ പനിക്കപ്പുറം ഒന്നും ആകില്ലെന്നും അദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ 70 ശതമാനം ജനങ്ങളും കൊവിഡ് രോഗബാധിതരാകുന്നത് തടയാൻ മാർഗങ്ങളില്ലെന്നും എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങൾ നിർത്തലാക്കാനുള്ള അധികാരികളുടെ നടപടികൾ ആത്യന്തികമായി വൈറസിനെ അതിന്‍റെ ഗതിയിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
ബ്രസീലിൽ കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണങ്ങളിൽ കുറവ് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. 210 ദശലക്ഷത്തിലധികം ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യമായ ബ്രസീൽ കൊവിഡിന്‍റെ ആഗോള ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ്.