റിയോഡി ജനീറോ: ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി ഏണസ്റ്റോ അറൗജോ രാജിവെച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. സര്‍ക്കാരിനെ പ്രശ്‌നത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അറൗജോ രാജിവെച്ച കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ വാക്‌സിൻ സംഭരണ ശ്രമങ്ങളെ അറൗജോ അട്ടിമറിച്ചതായി നേരത്തെ പാർലമെന്‍റ് ആരോപിച്ചിരുന്നു.
മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള അറൗജോയുടെ അടുപ്പവും ചൈനയ്‌ക്കെതിരായ കടുത്ത പരാമർശങ്ങളുമാണ് വാക്‌സിൻ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് അനുമാനിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ബ്രസീൽ ഇപ്പോൾ നേരിടുന്നത്.
രാജ്യത്തെ എക്കാലത്തെയും ഉയർന്ന നിരക്കാണ് ശനിയാഴ്‌ച രേഖപ്പെടുത്തിയത്. 3,650 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ 100,158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും കാര്യത്തിൽ ബ്രസീൽ ഇപ്പോൾ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. മൊത്തം 12.5 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 312,000 ത്തിലധികം കൊവിഡ് മരണവും ഇതിനകം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.