ബ്രസീലിയ: ബ്രസീലിലെ കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് ജെയർ ബോൾസൊനാരോക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ സർക്കാർ വെബ്‌സൈറ്റിൽ നിന്നും രാജ്യത്തെ കൊവിഡ് ഡാറ്റ നീക്കം ചെയ്തു. ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുമാണ് രാജ്യത്തെ കൊവിഡ് വ്യാപന വിവരങ്ങൾ നീക്കം ചെയ്‌തെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പകരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,075 പുതിയ കൊവിഡ് കേസുകളും 904 മരണങ്ങളും സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ കൊവിഡ് വിവരങ്ങൾ നിലവിലെ സ്ഥിതി വ്യക്തമാക്കാൻ ഉപകരിക്കില്ലെന്ന് ബോൾസൊനാരോ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും എന്തുകൊണ്ടാണ് വിവരങ്ങൾ നീക്കം ചെയ്തെന്നോ പുറത്തുവിടാൻ കഴിയാത്തതെന്നോ വിശദീകരിച്ചിട്ടില്ല. കൊവിഡ് കേസുകളുടെ വിവരശേഖരണം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷവും മാധ്യമപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് നടപടിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രസീലിൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ആയിരത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവരങ്ങൾ നീക്കം ചെയ്തതെന്ന് ബിബിസി വ്യക്തമാക്കുന്നു. 6,45,771 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ബ്രസീൽ നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ്. കഴിഞ്ഞയാഴ്ച ബ്രസീലിലെ കൊവിഡ് മരണസംഖ്യ ഇറ്റലിയിലെ മരണസംഖ്യയെ മറികടന്ന് ലോകത്ത് തന്നെ മൂന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച വരെ 35,026 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.