ഫ്രാങ്കോ ഡ റോച്ച: ബ്രസീലില്‍ ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനമായ സാവോ പോളോയിലാണ് കനത്ത ആഘാതമുണ്ടായത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇവിടെ മരിച്ചവരുടെ എണ്ണം 24 ആയി.
വെള്ളിയാഴ്‌ച മുതല്‍ തിങ്കളാഴ്ച വരെ രേഖപ്പെടുത്തിയ കണക്കാണിത്. സിവിൽ ഡിഫൻസ് അതോറിറ്റി പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനേകം മൃതദേഹങ്ങൾ ഇപ്പോഴും മണ്ണിനടിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ALSO READ: ശക്തമായ സംരക്ഷണത്തിന് 'ഇന്‍ട്രാനാസല്‍ ഫ്ളു വാക്‌സിന്‍'; പുത്തന്‍ ചുവടുവയ്‌പ്പുമായി ഗവേഷകര്‍
ഭൂരിഭാഗം വീടുകള്‍, വ്യാപാര കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അനന്തരവന്‍, ഭാര്യ, രണ്ടുവയസുള്ള കുട്ടി എന്നിവരെ കാണാതായെന്നും അവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് താനെന്നും ഫ്രാങ്കോ ഡ റോച്ചയിലെ 54 കാരനായ പ്രദേശവാസി സിസറോ പെരേര വാര്‍ത്ത ഏജന്‍സിയായ എ.പിയോട് പറഞ്ഞു.
താൻ കഷ്‌ടിച്ചാണ് ജീവനോടെ രക്ഷപ്പെട്ടത്. ഓടാൻ തുടങ്ങിയപ്പോൾ, അവശിഷ്‌ടങ്ങള്‍ തന്‍റെ ദേഹത്തേക്ക് വീണതായി 69 കാരനായ നെലിറ്റോ സാന്‌റോസ് ബോൺഫിയും വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.