ലാ പാസ്: രാജ്യം കൊവിഡിന്‍റെ രണ്ടാം തരംഗത്തെ മറികടക്കാൻ തയാറായതായി ബൊളീവിയൻ സർക്കാർ. വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും യൂറോപ്പിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതും മറ്റും കൊവിഡിന്‍റെ രണ്ടാം തരംഗത്തെ മറികടക്കാൻ സഹായിക്കുമെന്ന് ബൊളീവിയൻ ആരോഗ്യ മന്ത്രി ജെയ്‌സൺ ഓസ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ബൊളീവിയയിൽ 235,098 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,244 പുതിയ കൊവിഡ് കേസുകളും 11,107 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി ഒമ്പതിനാണ് ബൊളീവിയയിൽ കൊവിഡിന്‍റെ രണ്ടാം തരംഗം ആരംഭിച്ചത്. ഇതോടെ യൂറോപ്പിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
തുടക്കത്തിൽ നിരോധനം ഫെബ്രുവരി 15 വരെ ആയിരുന്നെങ്കിലും പിന്നീടിത് മാർച്ച് 15 വരെ നീട്ടുകയായിരുന്നു. യുകെയിൽ റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം വന്ന കൊവിഡ് കേസുകൾ പടരുന്നത് തടയാനാണ് നിരോധനം നീട്ടുന്നതെന്ന് ജെയ്‌സൺ ഓസ പറഞ്ഞു.