വാഷിങ്ടൺ: ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് ഇന്ന് ഒന്നാം വാർഷികം. ജോർജ് ഫ്ലോയ്‌ഡ് ജസ്റ്റിസ് ഇൻ പൊലിസിങ്
ആക്റ്റ് നിയമനിർമ്മാണത്തിന് പ്രസിഡന്‍റ് ജോ ബൈഡൻ ശക്തമായ പിന്തുണ നൽകിയിരുന്നു. ഈ നിയമത്തിൽ ചർച്ചകൾ നടക്കുന്നതിനിടെ ഫ്ലോയിഡിന്‍റെ കുടുംബം ബൈഡനെ വൈറ്റ് ഹൗസിലെത്തി കണ്ടിരുന്നു. ഫ്ലോയിഡിന്‍റെ ചരമവാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലുടനീളം പ്രകടനങ്ങൾ നടക്കുന്നുണ്ട്.
Also Read: ഫ്ലോയിഡിന്‍റെ കുടുംബവുമായി കൂടിക്കാഴ്‌ച നടത്തി യുഎസ് പ്രസിഡന്‍റ്
ഫ്ലോയിഡിന്‍റെ കുടുംബം അസാധാരണമായ ധൈര്യമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബൈഡൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇളയ മകൾ ഒരു വർഷം മുമ്പ് ഫ്ലോയിഡിന്‍റെ ശവസംസ്‌കാരത്തിന് തൊട്ട് മുൻപും പറഞ്ഞത് 'ഡാഡി ലോകത്തെ മാറ്റിമറിച്ചു' എന്നായിരുന്നു എന്ന് ബൈഡൻ ഓർത്തെടുത്തു. ജോർജിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ മാസം ശിക്ഷിച്ചത് നീതിയിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവെപ്പായിരുന്നു എന്നും ബൈഡൻ പറഞ്ഞു.
സംഭവം ഇങ്ങനെ
ഒരു കടയിലുണ്ടായ അക്രമസംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരനാണ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പൊലീസ് കാറിന് സമീപം വച്ച് റോഡില്‍ കിടത്തിയ ശേഷമായിരുന്നു അതിക്രമം. ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ഫ്ലോയിഡിന്‍റെ കഴുത്തില്‍ നിന്ന് കാലെടുക്കാന്‍ പൊലീസ് തയാറായില്ല. സമീപത്തുണ്ടായിരുന്നവര്‍ വീഡിയോയും ചിത്രങ്ങളും എടുത്തതോടെയാണ് പൊലീസ് അതിക്രമം പുറത്തുവന്നത്. റെസ്റ്റോറന്‍റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്‌തിരുന്നയാളാണ് ജോര്‍ജ്.