വാഷിങ്ടൺ : ഇസ്രയേലിലേക്കുള്ള വ്യോമാക്രമണം ഹമാസ് അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഗാസയിലെ അക്രമങ്ങളെക്കുറിച്ച് ബൈഡന്‍ ചര്‍ച്ച നടത്തി. ബൈഡൻ പ്രസിഡന്‍റായി അധികാരമേറ്റ ശേഷം ഇരുവരും തമ്മില്‍ ആദ്യമായി നടത്തിയ ഫോൺ സംഭാഷണത്തിൽ,ആക്രമണങ്ങളില്‍ കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുന്നതില്‍ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.
പലസ്തീൻ ജനതയ്ക്ക് അവർ അർഹിക്കുന്ന അന്തസ്സ്, സുരക്ഷ, സ്വാതന്ത്ര്യം, സാമ്പത്തിക അവസരം എന്നിവ ആസ്വദിക്കാനുള്ള നടപടികൾക്ക് ബൈഡൻ പിന്തുണ അറിയിച്ചു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികൾക്ക് സാമ്പത്തിക, മാനുഷിക സഹായങ്ങൾ പുനരാരംഭിക്കാനുള്ള അമേരിക്കയുടെ സമീപകാല തീരുമാനത്തെക്കുറിച്ച് പലസ്തീനിയൻ പ്രസിഡന്‍റിനോട് ആശയവിനിമയവും നടത്തി. ജറുസലേമിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു. എല്ലാ മതങ്ങളിലും പശ്ചാത്തലത്തിലുമുള്ള ജനങ്ങൾക്ക് സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ഇടമായിരിക്കണം ജറുസലേം എന്ന് ചൂണ്ടിക്കാട്ടി.
ഹമാസിൽ നിന്നും ഗാസയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ബൈഡന്‍ അറിയിച്ചു. അതേസമയം, അൽജസീറ, അസോസിയേറ്റ് പ്രസ് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഗാസയിലെ ബഹുനിലക്കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നു.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെ 139 പേർ കൊല്ലപ്പെടുകയും 950 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രയേൽ സൈന്യം റെയ്ഡ് നടത്തിയതിനെത്തുടർന്നാണ് ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായത്.