വാഷിങ്‌ടണ്‍: വംശീയതക്ക് ഇരയായി മരിച്ച ജോര്‍ജ് ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങള്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ സന്ദര്‍ശിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് ഫ്ലോയിന്‍റെ സഹോദരന്‍ ബൈഡനോട് ആവശ്യപെട്ടു. ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങള്‍ പുറത്തെടുത്ത അസാമാന്യ ധൈര്യത്തെ ബൈഡന്‍ അഭിനന്ദിച്ചു.
ജോര്‍ജ് ഫ്ലോയിഡ് കൊലപാതകത്തിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കുടുംബാംഗങ്ങള്‍ പ്രസിന്‍റിനെ നേരില്‍ കണ്ടത്. മിനസോട്ടയിലെ മിനിയപൊലിസിലാണ് ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിനെ ഉള്‍പ്പെടെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കേസിന്‍റെ ആദ്യ ഘട്ടത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ യുഎസ് പിരിച്ചുവിട്ടിരുന്നു.
കൂടുതല്‍ വായനക്ക്: 'എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു
ഒരു കടയിലുണ്ടായ അക്രമസംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരാണ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. പൊലീസ് കാറിന് സമീപം വച്ച് റോഡില്‍ കിടത്തിയ ശേഷമായിരുന്നു അതിക്രമം. ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ഫ്ലോയിഡിന്‍റെ കഴുത്തില്‍ നിന്ന് കാലെടുക്കാന്‍ പൊലീസ് തയാറായില്ല. സമീപത്തുണ്ടായിരുന്നവര്‍ വീഡിയോയും ചിത്രങ്ങളും എടുത്തതോടെയാണ് പൊലീസ് അതിക്രമം പുറത്തുവന്നത്. റെസ്റ്റോറന്‍റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്‌തിരുന്നയാളാണ് ജോര്‍ജ്.