വാഷിങ്‌ടൺ: ഡെമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിലെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 29 ന് ഇരുവരും തമ്മിൽ സംവാദം നടത്തിയിരുന്നു. തുടർന്ന് ന്യൂയോർക്ക് ടൈംസും സിയീന കോളജും ചേർന്ന് നടത്തിയ പോളിലാണ് ഫ്ലോറിഡയിലും പെൻസിൽവാനിയയിലും ബൈഡൻ ട്രംപിനേക്കാൾ മുന്നിലാണെന്ന് കണ്ടെത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചിരുന്നു. ബൈഡന് 49 പോയിന്‍റും ട്രംപിന് 42 പോയിന്‍റുമാണെന്നാണ് റിപ്പോർട്ടുകൾ.
ടൈംസ്-സിയീന കോളജ് പോളിൽ ഫ്ലോറിഡയിലെയും പെൻസിൽവാനിയയിലെയും വോട്ടർമാരിൽ 21 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണച്ചത്. സംവാദത്തിന് മുമ്പ് വിജയലക്ഷ്യം കൂടുതൽ ട്രംപിനായിരുന്നെങ്കിലും ശേഷം പെൻസിൽവാനിയയിൽ ബൈഡൻ ഒമ്പത് പോയിന്‍റ് നേടി ബൈഡൻ മുന്നിലെത്തി. ഫ്ലോറിഡയിൽ ബൈഡന് 1.3 പോയിന്‍റ് വിജയശതമാനമുണ്ട്. സംവാദത്തിന് ശേഷം നടത്തിയ ഹിൽ-ഹാരിസ് എക്‌സ് പോളിൽ ബൈഡൻ ദേശീയ തലത്തിൽ ഏഴ് പോയിന്‍റ് നേടി. സെപ്‌റ്റംബർ 19-21ലെ പോളിൽ നിന്നും രണ്ട് ശതമാനം പോയിന്‍റ് കൂടി.