വാഷിങ്‌ടൺ: സഖ്യകക്ഷികളുമായി പ്രവർത്തിക്കുമ്പോൾ അമേരിക്ക ശക്തമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. സുരക്ഷാ, വിദേശ നയ സംഘത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതമാക്കുന്ന ഒരു ടീമാണിത്. ലോകത്തെ നയിക്കാൻ അമേരിക്ക തയ്യാറാണെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ബൈഡൻ പറഞ്ഞു.
ആവശ്യമില്ലാത്ത സൈനിക സംഘട്ടനങ്ങളിൽ ഏർപ്പെടാതെ തന്‍റെ മന്ത്രിസഭ അമേരിക്കയെ സുരക്ഷിതമാക്കുമെന്നും അമേരിക്കൻ സഖ്യങ്ങൾ വീണ്ടും കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഞങ്ങളുടെ നേതൃത്വം പുനസ്ഥാപിക്കുന്നതും മുന്നേറുന്നതും വെല്ലുവിളിയാണ്, എന്നാൽ പ്രവർത്തനത്തിന് തയ്യാറാണെന്ന് നിയുക്ത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് പറഞ്ഞു.
ദേശീയ സുരക്ഷയും വിദേശനയ സ്ഥാപനങ്ങളും പുനർനിർമിക്കുകയും ശക്തിപ്പെടുത്തുകയും വേണം, ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീഷണിയുമുണ്ട്. ആന്‍റണി ബ്ലിങ്കൻ സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടർ അവിൽ ഹെയ്ൻസും ആയിരിക്കും. ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടർ പദവിയിൽ ആദ്യ വനിതയായി ഹെയ്ൻസ് മാറും. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കാലാവസ്ഥ നയതന്ത്ര പ്രതിനിധിയായിരിക്കും. ലിൻഡ തോമസ് ഐക്യരാഷ്‌ട്രസഭയിലെ യുഎസ് അംബാസിഡറും, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി ജേക്ക് സള്ളിവൻ, ആഭ്യന്തര സെക്രട്ടറിയായി അലജാൻഡ്രോ മയോർകാസ് എന്നിവരും ചുമതല വഹിക്കും.