വാഷിംഗ്‌ടണ്‍: ലോകത്താകെ ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും 80,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ലോകാരോഗ്യ സംഘടന. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും കൊവിഡ് കേസുകള്‍ കൂടിവരികയാണെന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കേസുകളുടെ എണ്ണം കുറയുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകത്താകെ 3.5 മില്യണിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,50,000ത്തിലധികം മരണവും ഇതിനകം സംഭവിച്ചുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ഗബ്രിയേസസ് വ്യക്തമാക്കി.
കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ, മെഡിറ്ററേനിയന്‍ മേഖല, അമേരിക്ക എന്നിവിടങ്ങളിലാണ് നിലവില്‍ കൊവിഡ് കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. എങ്കിലും ഏതൊക്കെ പ്രദേശങ്ങളിലാണ് കേസുകള്‍ നിയന്ത്രണത്തിലെന്ന് പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഡബ്ല്യൂഎച്ച്‌ഒ എമര്‍ജിങ് ഡിസീസ് ആന്‍റ് സൂനോസിസ് യൂണിറ്റ് മേധാവി മരിയ വാന്‍ കെര്‍ക്കോവ പറഞ്ഞു. എന്നാല്‍ രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്നും അധികൃതര്‍ പറയുന്നു. ആഗോള ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ദേശീയ ആരോഗ്യ സംവിധാനങ്ങളുടെ പ്രാധാന്യം ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകത കൊവിഡ് പ്രതിസന്ധി കാണിച്ചു തന്നിരിക്കുന്നുവെന്നും ഗബ്രിയേസസ് വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ പ്രതിവര്‍ഷം 7.5 ട്രില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നും രോഗം തടയാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 1783 പേര്‍ മരിച്ചു. 52952 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 3561 കേസുകളും 89 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.