ബൊഗോട്ട: കൊളംബിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ബെൽ 412 എന്ന ഹെലികോപ്റ്ററാണ് വെള്ളിയാഴ്‌ച വൈകിട്ടോടെ കാണാതായത്. തകര്‍ന്ന ഹെലികോപ്റ്ററിന്‍റെ ഭാഗങ്ങൾ കണ്ടുകിട്ടിയതായി വ്യോമസേന സ്ഥിരീകരിച്ചു. മധ്യ കൊളംബിയയിലെ അൽബാനിലാണ് സംഭവം.
യാത്രക്ക് മുമ്പ് ഹെലികോപ്റ്ററിന് തകരാറുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ലെന്നും രാജ്യത്തെ പ്രസിഡന്‍റടക്കം പലതവണ യാത്ര ചെയ്‌തിട്ടുള്ള ഹെലികോപ്റ്ററായിരുന്നു ഇതെന്നും വ്യോമസേന അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശന യാത്രക്കും ഉപയോഗിച്ചിട്ടുള്ള ഹെലികോപ്റ്ററായിരുന്നു. ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.