അമേരിക്കയില്‍ സ്കുളുകള്‍ക്കും വ്യാപാരകേന്ദ്രങ്ങള്‍ക്കും നേരെ വെടിവയ്പ്പുണ്ടാകുന്നത് തുടര്‍ക്കഥയാകുകയാണ്. എറ്റവുമൊടുവില്‍ ചിക്കാഗോ ഇല്ലിനോയിസിലെ വ്യാവസായിക സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണ് വെടിവയ്പ് നടത്തിയത്. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാരി മാര്‍ട്ടിൻ കമ്പനിക്കകത്ത് പ്രവേശിച്ച് തൊഴിലാളികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാല്‍ വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനം അറിയിച്ചു.