വാഷിംഗ്ടൺ: കൊവിഡ് ബാധയെ തുടർന്ന് അടുത്ത ആഴ്ച നടക്കുന്ന പ്രസിഡന്‍റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്. ട്രംപും ഡെമോക്രാറ്റിക് നോമിനി ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ചർച്ച വ്യാഴാഴ്ച നടക്കുമെന്ന് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബൈഡനുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഒരാഴ്ച മുമ്പാണ് ട്രംപിന് കൊവിഡ് കണ്ടെത്തിയത്. ക്ലീവ്‌ലാൻഡിൽ ബൈഡനുമായുള്ള ആദ്യ ചർച്ചകൾക്ക് ശേഷമായിരുന്നു സ്ഥിരീകരണം. ചർച്ചയ്ക്കിടെ രണ്ട് സ്ഥാനാർത്ഥികളും തമ്മിൽ 12 അടി അകലമുണ്ടായിരുന്നെങ്കിലും ട്രംപിന്‍റെ കൊവിഡ് ബാധയെ തുടർന്ന് ബൈഡന് ഒന്നിലധികം കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു.
തിങ്കളാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍ററിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴും ട്രംപിന് വൈറസ് ബാധയുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ രോഗസ്ഥിതിയെ കുറിച്ച് ഡോക്ടർമാർ വിശദമായ അപ്‌ഡേറ്റും നൽകിയിട്ടില്ല.