വാഷിംഗ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ പ്രതിയായ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വാദം ഫെഡറൽ യുഎസ് കോടതിയിൽ വ്യാഴാഴ്ച (ജൂണ്‍ 24) നടക്കും. ലോസ് ഏജൽസിലെ ഫെഡറൽ കോടയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ അമേരിക്കയിൽ എത്തി.
കൈമാറ്റ വാദം വ്യാഴാഴ്ച
റാണയുടെ വിചാരണ നടപടികൾ ഇന്ത്യക്ക് മാറ്റികൊണ്ട് ഏപ്രിൽ അഞ്ചിന് യുഎസ് ജില്ല കോടതി ഉത്തരവിട്ടിരുന്നു. യുഎസ് സർക്കാർ ഈ ഉത്തരവിനെ അംഗീകരിച്ചിരുന്നു. ഇതിന്‍റെ തുടർനടപടികളാണ് വ്യാഴാഴ്ച നടക്കുന്നത്. എന്നാൽ ഇന്ത്യയിലേക്ക് കൈമാറുന്ന നടപടിയെ റാണ എതിർത്തു. ചിക്കാഗോയിലെ കോടതി തനിക്ക് കേസിൽ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇയാൾ വാദിച്ചു. ഈ വാദത്തെ അമേരിക്കൻ സർക്കാർ എതിർത്തിരുന്നു. ഇന്ത്യയിലെ ആക്രമണം ഗുരുതരമാണെന്നും ഇയാളെ ഇന്ത്യക്ക് കൈമാറാൻ എല്ലാ വകുപ്പുകളും നിലനിൽക്കുന്നുണ്ടെന്നും അമേരിക്കൻ സർക്കാർ കോടതിയെ അറിയിച്ചു.
കൈമാറ്റ നടപടികൾ പുരോഗമിക്കുന്നു
ഇന്ത്യ-യുഎസ് കൈമാറൽ ഉടമ്പടി പ്രകാരം, റാണയെ ഔദ്യോഗികമായി കൈമാറാൻ ഇന്ത്യൻ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. നടപടികൾക്ക് അമേരിക്ക തുടക്കമിട്ടു. ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള സർട്ടിഫിക്കേഷൻ നടപടികൾ എല്ലാം പുരോഗമിക്കുകയാണെന്നും അമേരിക്ക പറഞ്ഞു.
2008 നവംബർ 26 മുംബൈയിൽ നടന്ന ഭീകരാക്രമണത്തിലെ പങ്കാളിയാണ് അൻപത്തൊൻപതുകാരനായ റാണ. പ്രധാന കുറ്റവാളി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്തായ റാണയെ 2020 ജൂൺ 10 ന് ലോസ് ഏഞ്ചൽസിൽ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുടെ അഭ്യർഥന പ്രകാരമായിരുന്നു അമേരിക്കയുടെ നടപടി. റാണയെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 60കാരനായ ഹെഡ്‌ലി നിലവിൽ അമേരിക്കയിൽ 35 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
Also Read: ജോ ബൈഡന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയുമായി കൂടിക്കാഴ്ച നടത്തും
മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു..