വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി താമസിക്കാൻ ശ്രമിച്ച ഇന്ത്യയിൽ നിന്നുള്ള 11 പേർ ഉൾപ്പെടെ 15 വിദ്യാർഥികളെ ഫെഡറൽ നിയമപാലകർ അറസ്റ്റ് ചെയ്തു. യുഎസിൽ തുടരാൻ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) പ്രോഗ്രാം വഞ്ചനാപരമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന ഓപ്പറേഷൻ ഒപ്റ്റിക്കൽ ഇല്ല്യൂഷന്‍റെ ഫലമായാണ് അറസ്റ്റ് നടന്നത്.
ബോസ്റ്റൺ, വാഷിംഗ്ടൺ, ഹ്യൂസ്റ്റൺ, ഫോർട്ട്, ലോഡർഡേൽ, നെവാർക്ക്, നാഷ്വില്ലെ, പിറ്റ്സ്ബർഗ്, ഹാരിസ്ബർഗ് എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ചയാണ് ഈ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. 11 ഇന്ത്യൻ പൗരന്മാർക്ക് പുറമേ രണ്ട് ലിബിയക്കാരെയും ഒരു സെനഗൽ ഒരു ബംഗ്ലാദേശ് പൗരനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്തു.
വിദ്യാർഥികൾക്ക് അവരുടെ പഠനമേഖലയുമായി ബന്ധപ്പെട്ട തസ്തികകളിൽ ഒരു വർഷം വരെ ജോലി ചെയ്യാൻ ഒപിടി പ്രാപ്തമാക്കുന്നു. വിദ്യാർഥി സ്റ്റെം ഓപ്ഷണൽ പ്രായോഗിക പരിശീലനത്തിൽ പങ്കെടുക്കുകയാണെങ്കിൽ ഒരു വർഷം കൂടി രാജ്യത്ത് തുടരാം.
നിലവിലില്ലാത്ത കമ്പനികളിലാണ് ഈ വിദ്യാർഥികൾ ജോലി ചെയ്യുന്നതെന്ന് ഐസിഇ പറഞ്ഞു. ട്രംപ് ഭരണകൂടം കുടിയേറ്റ വ്യവസ്ഥയുടെ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്‍റെ മറ്റൊരു ഉദാഹരണം മാത്രമാണിതെന്ന് ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പറഞ്ഞു.