കയ്‌റോ: സൂയസ് കനാലിൽ ഗതാഗതം മുടക്കി കുടുങ്ങിപ്പോയ ഭീമൻ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രഡ്‌ജിങ് നടത്തിയിരുന്നു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചുനീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സൂയസ് കനാൽ അതോറിറ്റി മേധാവി പറഞ്ഞു.
അതേസമയം ശക്തമായ കാറ്റാണ് പ്രതിസന്ധിക്ക് കാരണമെന്ന വിലയിരുത്തലുകൾക്കെതിരെ ലഫ്റ്റനൻ്റ് ജനറൽ ഒസാമ റബെയ് പ്രതികരിച്ചു. പരസ്‌പരവിരുദ്ധമായ വിലയിരുത്തലുകളാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവർഗ്രീൻ മറൈൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗ്രീന്‍ എന്ന കപ്പൽ ചൊവ്വാഴ്‌ച രാവിലെയാണ് കനാലിൽ കുടുങ്ങിയത്.