ഹൈദരാബാദ്: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 71 ലക്ഷം പിന്നിട്ടു. 3,71,10,987 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് വേൾഡോ മീറ്റര്‍ പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. വൈറസ് ബാധയേത്തുടർന്ന് 1,072,087 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 2,78,97,003 പേർ രോഗമുക്തി നേടിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജന്റീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്. പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ 73,196 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്.
രോഗബാധയിൽ ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ 60,000നടുത്ത് ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 929 പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. അതേസമയം, അമേരിക്കയിൽ 877 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു. ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറാൻ, ചിലി, ഇറാഖ്, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീന്‍സ്, തുർക്കി, ഇന്തോനീഷ്യ, ജർമനി, പാക്കിസ്ഥാൻ, ഇസ്രയേൽ, ഉക്രെയ്ൻ എന്നിവയാണ് ഈ 15 രാജ്യങ്ങൾ. കാനഡയും, നെതർലൻഡ്സും, റൊമേനിയയും, മൊറോക്കോയും, ഇക്വഡോറും ഉൾപ്പെടെ 18 രാജ്യങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ കോവിഡ് ബാധിതരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം യുകെയിലും ഫ്രാൻസിലും ഒക്ടോബറിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ഇതോടെ യുകെയിലെ പലയിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്ക് ഏഴ് ശതമാനമായി ഉയർന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജർമൻ ചാൻസലർ അംഗലേ മെർക്കൽ വ്യക്തമാക്കി. സാമൂഹ്യ അകലവും മാസ്കും കർശനമാക്കി.