ആഗോളതലത്തിൽ ഇതുവരെ 1,80,25,877 ൽ അധികം ആളുകളെ കൊവിഡ് ബാധിക്കുകയും 6,88,962 ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 1,13,33,831 ൽ അധികം ആളുകളാണ് ലോകത്ത് ഇതുവരെ കൊവിഡ് മുക്തരായത്.
ദക്ഷിണാഫ്രിക്കയിലെ കൊനിഡ് രോഗികളുടെ എണ്ണം 5,00,000 കടന്നു. ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ 50 ശതമാനത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്.
ഏകദേശം 58 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. യുഎസ്, ബ്രസീൽ, റഷ്യ, ഇന്ത്യ എന്നിവയാണ് ആദ്യ നാല് രാജ്യങ്ങൾ. പരിമിതമായ പരിശോധനയും മറ്റ് കാരണങ്ങളും കൊണ്ട് ലോകമെമ്പാടുമുള്ള കൊവിഡ് ബാധിതരുടെ യഥാർത്ഥ എണ്ണം സ്ഥിരീകരിച്ച കേസുകളേക്കാൾ വളരെ ഉയർന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗും പ്രിട്ടോറിയയും ഉൾപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെംഗ് പ്രവിശ്യയിലാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കേസുകളിൽ 35 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ രാജ്യത്ത് കെവിഡ് പടർന്ന് പിടിക്കുന്നത് ഉച്ചസ്ഥായിയിലെത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
രാജ്യത്തിന്‍റെ തെക്കേ അറ്റത്തുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായ കേപ് ടൗൺ ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ പ്രഭവകേന്ദ്രമായിരുന്നെന്നും കഴിഞ്ഞ മാസം ഇവിടെ കൊവിഡ് വ്യാപനം ഉച്ചസ്ഥായിയിലെത്തിയെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.