കമ്പാല: ഉഗാണ്ട പ്രസിഡന്‍റ് സ്ഥാനാർഥി ബോബി വൈനിന്‍റെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. സ്ഥാനാർഥികൾ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പ്രതിഷേധത്തെ തുടർന്നുള്ള വെടിവയ്‌പ്പും കണ്ണീർവാതക പ്രയോഗവുമാണ് മരണസംഖ്യ കൂടാൻ കാരണം. കമ്പാലയിലുടനീളം 350 പേരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
കിഴക്കൻ പട്ടണമായ ഇഗംഗയിൽ വെച്ച് അറസ്റ്റിലായ ശേഷം ബുധനാഴ്ച വൈനിന് ജാമ്യം ലഭിച്ചിരുന്നു.2021ലെ പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് യോവേരി മുസെവേനി ഉൾപ്പെടെ 11 പ്രസിഡന്‍റ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 200ലധികം ആളുകളെ പ്രചാരണ റാലികളിൽ പങ്കെടുപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് സമിതി കർശന നിർദേശം നൽകിയിരുന്നു. ഒരു ദശകത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.